‘വൈദികനില്‍ നിന്നും തട്ടിയെടുത്ത 4 കോടി അമേരിക്കയിലെ കാമുകിക്ക് നല്‍കി’; എഎസ്‌ഐയുടെ മൊഴി

single-img
1 May 2019

ജലന്തര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദര്‍ ആന്റണി മാടശേരിയില്‍ നിന്ന് പിടിച്ചെടുത്ത പണം വിദേശത്തുള്ള കാമുകിക്ക് കൈമാറിയെന്ന് പിടിയിലായ എ.എസ്.ഐയുടെ മൊഴി. വൈദികനില്‍ നിന്നും തട്ടിയെടുത്ത പണത്തില്‍ നാലു കോടി രൂപയാണ് അമേരിക്കയിലുള്ള കാമുകിക്ക് നല്‍കിയത്. ഒന്നേമുക്കാല്‍ കോടി രൂപ പാരീസിലുള്ള സുഹൃത്തിനും നല്‍കിയെന്ന് എ.എസ്.ഐ രാജ്പ്രീത് സിങ് മൊഴി നല്‍കി.

നേപ്പാളില്‍ നിന്നാണ് പണം അയച്ചത്. വൈദികനില്‍ നിന്നും പിടിച്ചെടുത്ത പണം തട്ടിയെടുത്ത പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്‌ഐമാര്‍ കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ അറസ്റ്റിലായത്. പണം തട്ടിയെടുക്കാന്‍ സഹായിച്ച മറ്റൊരാളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

പഞ്ചാബിലെ ലുധിയാനയില്‍ വാഹന പരിശോധ നടത്തുന്നതിനിടെയാണ് വൈദികനില്‍ നിന്നും പണം പിടികൂടിയത്. ഈ പണം രേഖകളില്‍ ഉള്‍പ്പെടുത്താതെ എ.എസ്.ഐ തട്ടിയെടുക്കുകയായിരുന്നു. ആറ് കോടി രൂപ നഷ്ടപ്പെട്ടതായി വൈദികര്‍ പരാതി നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്ന് പഞ്ചാബ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പണം തട്ടിയ പൊലീസുകാരായ ജോഗീന്ദര്‍ സിങ്, രാജ്പ്രീത് സിങ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. ഇതിനു പിന്നാലെയാണ് ഇവര്‍ കൊച്ചിയിലെത്തിയത്. രണ്ടു പേര്‍ വ്യാജ പേരില്‍ ഹോട്ടലില്‍ മുറിയെടുത്തെന്ന വിവരത്തെ തുടര്‍ന്നാണ് കേരള പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

വൈദികര്‍ സഞ്ചരിച്ചിരുന്ന വാഹനം പരിശോധിച്ച് 9.67 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തെന്നാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ മേലധികാരികള്‍ക്കു റിപ്പോര്‍ട്ട് ചെയ്ത്. എന്നാല്‍, പിറ്റേന്നു വൈദികര്‍ വാഹനത്തിലുണ്ടായിരുന്ന 16.65 കോടി രൂപയുടെ രേഖകള്‍ ഹാജരാക്കിയതോടെയാണ് തട്ടിപ്പ് പുറത്തായത്. അതേസമയം ഇവര്‍ കൊച്ചിയില്‍ എത്തിയത് എന്തിനാണെന്നു വ്യക്തമല്ല.