ഈ കെട്ടിടങ്ങളെല്ലാം രാഹുൽ ഗാന്ധിയുടേതാണ്: ഇറ്റലിയിലെ ചരിത്ര സ്മാരകങ്ങൾ ചൂണ്ടിയുള്ള നുണ വീഡിയോ വൈറലാകുന്നു

single-img
30 April 2019

ഇറ്റലിയിലെ ചരിത്ര സ്മാരകങ്ങളിലേയ്ക്ക് ചൂണ്ടി “ഈ കെട്ടിടങ്ങളെല്ലാം രാഹുൽ ഗാന്ധിയുടെ ഉടമസ്ഥതയിലുള്ളതാണെ”ന്ന് വിളിച്ചു പറയുന്ന ഗുജറാത്തി ഭാഷയിലുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

https://www.facebook.com/merabharatraj/videos/404303673744034

‘മേരാ ഭാരത് മഹാൻ’ എന്ന പേരിലുള്ള ഒരു ഫെയ്സ്ബുക്ക് പേജിലാണ് വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. “ഇറ്റലിയിൽ നിന്നും പപ്പുവിനെക്കുറിച്ചുള്ള യാഥാർത്ഥ്യം. കാണുക പരമാവധി ആളുകളെ കാണിക്കുക” എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. വീഡിയോയിൽ കാണുന്ന മനുഷ്യൻ ഗുജറാത്തിയിൽ ഇപ്രകാരം പറയുന്നു:

“രാജീവ് ഗാന്ധിയുടെ മകൻ, ഇതയാളുടെ കെട്ടിടമാണ്. നമ്മുടെ രാജ്യം മുഴുവൻ കൊള്ളയടിച്ച ശേഷമാണ് അയാൾ അത് വാങ്ങിയത്. ഞാനിപ്പോൾ ഇറ്റലിയിലാണുള്ളത്. ഇത് രാജീവ് ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും കെട്ടിടമാണ്. പപ്പു ഇന്ത്യയിൽ ഇരുന്നുകൊണ്ട് ഈ മൂന്ന് കെട്ടിടങ്ങളിൽ നിന്നും കാശുണ്ടാക്കുകയാണ്. ഈ കെട്ടിടങ്ങൾ വാടകയ്ക്ക് കൊടുക്കുന്നതാണയാളുടെ പ്രധാന ബിസിനസ്. അയാൾ ഇന്ത്യയെ കൊള്ളയടിച്ചു. അയാളെ ഇല്ലാതെയാക്കി ഇന്ത്യയിൽ നിന്നും പുറത്തെറിയണം.ജയ് ശ്രീകൃഷ്ണ. ഞാൻ ഇറ്റലിയിലാണ്.”

ഈ വീഡിയോ ഇതുവരെ രണ്ടുലക്ഷത്തോളം പേർ കാണുകയും 15000-ലധികം പേർ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. റിസർവ്വ് ബാങ്കിന്റെ ഡയറക്ടറായ എസ് ഗുരുമൂർത്തിയടക്കമുള്ള പ്രമുഖർ ഇത് ട്വിറ്ററിലും മറ്റും ഷെയർ ചെയ്തിട്ടുണ്ട്.

കടപ്പാട്: Alt News

എന്നാൽ ഇറ്റലിയിലെ ടൂറിനിലുള്ള പിയാസ കാസ്റ്റെല്ലോ സിറ്റി സ്ക്വയറിന്റെ ഒരു ഭാഗമാണ് വീഡിയോയിലുള്ളയാൾ രാഹുൽ ഗാന്ധിയുടേതെന്ന് പറഞ്ഞ് ചൂണ്ടിക്കാണിക്കുന്നതെന്ന് “ഓൾട്ട് ന്യൂസ്” റിപ്പോർട്ട് ചെയ്യുന്നു. ഈ സ്ക്വയറിനുള്ളിൽ മ്യൂസിയങ്ങളും തിയറ്ററുകളും കൊട്ടാരങ്ങളുമുണ്ട്. 16-ആം നൂറ്റാണ്ടിൽ നിർമ്മിച്ച “റോയൽ പാലസ് ഓഫ് ടൂറിൻ” അടക്കമുള്ള കെട്ടിടങ്ങളാണ് രാഹുൽ ഗാന്ധിയുടേതെന്ന് പ്രചരിപ്പിക്കാൻ രാഷ്ട്രീയ എതിരാളികൾ ശ്രമിക്കുന്നത്.