ചുഴലിക്കാറ്റ് ഭീതി അകലുന്നു; ഫോനി ദിശമാറി; സംസ്ഥാനത്തെ യെല്ലോ അലർട്ട് പൂർണമായി പിൻവലിച്ചു

single-img
30 April 2019

തിരുവനന്തപുരം: ഫോനിയുടെ ദിശ മാറിയതോടെ ഭീതി കേരളത്തിൽ നിന്ന് അകലുന്നു. കേരളത്തിൽ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പൂർണമായി പിൻവലിച്ചു. സംസ്ഥാനത്തിൽ കാറ്റിനെ തുടർന്ന് ഉണ്ടാകുമായിരുന്ന അതിശക്തമായ മഴക്കുള്ള ജാഗ്രതാ നിര്‍ദ്ദേശമാണ് പിന്‍വലിച്ചത്.

എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ പ്രഖ്യാപിച്ച യെല്ലോ അലർട്ടാണ് പിന്‍വലിച്ചത്. ദിശമാറിയ ഫോനി ചുഴലിക്കാറ്റ് മെയ്‌ 3ന് ഒഡിഷ തീരം തൊടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് മണിക്കൂറിൽ 175-185 കിലോമീറ്റർ വേഗത്തിൽ വീശാനാണ് സാധ്യത. തമിഴ്നാട് തീരം മുതല്‍ ബംഗാള്‍വരെ കിഴക്കന്‍തീരത്തെങ്ങും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുലര്‍ത്താന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിലവിൽ ഒഡിഷയിലെ പുരിയില്‍ നിന്ന് 670 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലാണ് ഫോനിയുടെ സ്ഥാനം. അടുത്ത മണിക്കൂറുകളില്‍ അത് അതിതീവ്ര ചുഴലിക്കാറ്റായി മാറി ഒഡിഷ തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.