കള്ളവോട്ട് ആരോപണം നേരിടുന്നയാൾ ഇന്ന്ഹാജരാകണം; ഇല്ലെങ്കിൽ അറസ്റ്റ്

single-img
30 April 2019

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം നേരിടുന്ന വോട്ടര്‍ക്ക് ജില്ലാ കളക്ടര്‍ നോട്ടീസ് അയച്ചു. 48ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ടു നടന്നുവെന്ന് കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി.

ബൂത്തില്‍ രണ്ട് തവണ പ്രവേശിച്ചതായി കാണുന്ന ചീമേനി കരക്കാട് സ്വദേശി കെ. ശ്യാംകുമാര്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് മുന്‍പ് ജില്ലാ കളക്ടറും ജില്ലാ വരണാധികാരിയുമായ ഡോ.ഡി സജിത് ബാബുവിന് മുന്നില്‍ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

ഉച്ചയ്ക്ക് മുന്‍പ് ഹാജരായില്ലെങ്കില്‍ ഇയാളെ അറസ്റ്റ് ചെയ്യാനും നിര്‍ദേശമുണ്ട്. കള്ളവോട്ട് ആരോപണം വന്നതിന് പിന്നാലെ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുത്തു.

ബൂത്തില്‍ വെബ് കാസ്റ്റിങ് നടത്തിയ അക്ഷയ സംരംഭകന്‍ കെ. ജിതേഷ്, പ്രിസൈഡിങ് ഓഫിസര്‍ ബി.കെ. ജയന്തി, ഒന്നാം പോളിങ് ഓഫിസര്‍ എം. ഉണ്ണികൃഷ്ണന്‍, രണ്ടാം പോളിങ് ഓഫിസര്‍ സി.ബി. രത്‌നാവതി, മൂന്നാം പോളിങ് ഓഫിസര്‍ പി. വിറ്റല്‍ദാസ്, ചീമേനി വില്ലേജ് ഓഫിസറും സെക്ടറല്‍ ഓഫിസറുമായ എ.വി. സന്തോഷ്,  ബി.എല്‍.ഒ ടി.വി. ഭാസ്‌കരന്‍ എന്നിവരില്‍ നിന്നാണ് മൊഴിയെടുത്തത്. മൊഴിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു.