ചില്ലിചിക്കനില്‍ ചത്ത പാറ്റ; ചോദ്യം ചെയ്താല്‍ ഗുണ്ടായിസം; തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ക്യാന്റീനിനെതിരെ പരാതിയുമായി ഹൗസ് സര്‍ജന്മാര്‍: എക്‌സ്‌ക്യൂസീവ്

single-img
29 April 2019

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ക്യാന്റീനിനെതിരെ പരാതിയുമായി ഒരു വിഭാഗം ഹൗസ് സര്‍ജന്മാര്‍. മോശമായ ആഹാരമാണ് ഇവിടെ പാചകം ചെയ്യുന്നതെന്നും ചോദ്യം ചെയ്താല്‍ ജീവനക്കാര്‍ ഭീഷണിപ്പെടുത്തുന്നതായും ഹൗസ് സര്‍ജന്മാര്‍ പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് ഇവര്‍ പരാതിയും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചില്ലിചിക്കനില്‍ നിന്നും ചത്ത പാറ്റയെ കിട്ടിയതോടെയാണ് ഹൗസ് സര്‍ജന്മാരും ക്യാന്റീന്‍ ജീവനക്കാരും തമ്മില്‍ പോര് മൂര്‍ച്ഛിച്ചത്. ഭക്ഷണത്തില്‍ ചത്ത പാറ്റയെന്ന് പരാതിപ്പെട്ടെങ്കിലും ക്യാന്റീന്‍ ജീവനക്കാര്‍ ഹൗസ് സര്‍ജന്മാരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്.

ഇതിനു മുമ്പും നിരവധി തവണ ക്യാന്റീനിലെ ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഗുണ്ടകളെ പോലെയാണ് ജീവനക്കാര്‍ തങ്ങളോട് പെരുമാറുന്നതെന്നും ഹൗസ് സര്‍ജന്മാര്‍ ‘ഇ വാര്‍ത്ത’യോട് പറഞ്ഞു. ജീവനക്കാരുടെ മോശം പെരുമാറ്റം തുടര്‍ക്കഥയായതോടെ ഹൗസ് സര്‍ജന്മാര്‍ ക്യാന്റീനിലെ ഭക്ഷണം ഉപേക്ഷിച്ചിരിക്കുകയാണ്.

ഇതോടെ ഡ്യൂട്ടി സമയത്ത് ചായയോ ഭക്ഷണമോ കഴിക്കണമെങ്കില്‍ പുറത്തെ ഹോട്ടലുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഹൗസ് സര്‍ജന്മാര്‍. തിരക്കുള്ള സമയത്താണെങ്കില്‍ പലപ്പോഴും പട്ടിണിയിരിക്കേണ്ടതായി വരുമെന്നും ഇവര്‍ പരാതിപ്പെടുന്നു. ആശുപത്രി സൂപ്രണ്ട് ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് ഹൗസ് സര്‍ജന്മാരുടെ ആവശ്യം.

അതേസമയം ഹൗസ് സര്‍ജന്മാര്‍ ക്യാന്റീനിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ടും വ്യക്തമാക്കി. ഇതേക്കുറിച്ച് ഫുഡ് ഇന്‍സ്‌പെകടര്‍ ഉള്‍പ്പെട്ട ഒരു ടീം അന്വേഷണം നടത്തി. എന്നാല്‍ ഭക്ഷണം മോശമാണെന്ന് കണ്ടെത്താനായില്ല. ഹൗസ് സര്‍ജന്മാര്‍ക്കെതിരെ ക്യാന്റീന്‍ ജീവനക്കാരും തനിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഇതേക്കുറിച്ചും അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് പറഞ്ഞു.