രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് സിദ്ധു

single-img
29 April 2019

സോണിയാ ഗാന്ധിയില്‍ നിന്നും എല്ലാവരും ദേശീയത പഠിക്കണമെന്ന് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ധു. റായ്ബറേലിയില്‍ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷം സോണിയ കോണ്‍ഗ്രസിനെ നയിച്ചത് പ്രശംസനീയമായ രീതിയിലാണെന്നും സിദ്ധു പറഞ്ഞു. 10 കൊല്ലം തുടര്‍ച്ചയായി കേന്ദ്രത്തില്‍ മികച്ച ഭരണം കാഴ്ച വെയ്ക്കാന്‍ പാര്‍ട്ടിയ്ക്ക് സാധിച്ചത് സോണിയയുടെ നേതൃത്വത്തിലാണെന്ന് സിദ്ധു ഓര്‍മിപ്പിച്ചു.

അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും നവജ്യോത് സിംഗ് സിദ്ധു പറഞ്ഞു. ബിജെപിയോട് വിശ്വസ്തത പുലര്‍ത്തുന്നവരെ ദേശസ്‌നേഹികളെന്നും പാര്‍ട്ടി വിടുന്നവരെ രാജ്യദ്രോഹികളെന്നും വിളിക്കുന്നതാണ് ബിജെപിയുടെ പ്രത്യക്ഷനയമെന്നും സിദ്ധു കുറ്റപ്പെടുത്തി.

റഫാല്‍ ഇടപാടിലെ അഴിമതിയോരോപണം പൊതുതിരഞ്ഞെടുപ്പില്‍ മോദിയ്‌ക്കെതിരായി പ്രതിഫലിക്കുമെന്നും സിദ്ധു കൂട്ടിച്ചേര്‍ത്തു. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിദ്ധു പഞ്ചാബിലെ ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ്.