‘കാന്തപുരത്തിന്റെ ഗ്രാന്റ് മുഫ്തി പദവി വ്യാജം’; തെളിവ് പുറത്തുവിട്ട് സമസ്ത നേതാക്കള്‍ …

single-img
29 April 2019

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുടെ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പദവിക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പരസ്യമായി രംഗത്ത്. കാന്തപുരം എ.പി അബൂബക്കര്‍മുസ്‌ലിയാര്‍ക്ക് അഖിലേന്ത്യാ ഗ്രാന്‍ഡ് മുഫ്ത്തി പദവി ലഭിച്ചൂവെന്ന അവകാശവാദം വ്യാജമാണ്.

കഴിഞ്ഞ വര്‍ഷം നിര്യാതനായ ഗ്രാന്‍ഡ് മുഫ്തി അഖ്തര്‍ റസാഖാന്റെ ഔദ്യോഗിക പിന്‍ഗാമിയായി നിയമിച്ചിരിക്കുന്നത് മകന്‍ മുഫ്തി അസ്ജാദ് റാസാഖാനെയാണ്. കാന്തപുരത്തിന്റേത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സമസ്ത നേതാക്കള്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അസ്ജദ് റസാഖാനെ ഗ്രാന്‍ഡ് മുഫ്തിയായി നിയമിച്ചതിന്റെ ഔദ്യോഗിക രേഖയും സമസ്ത നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. ഏപ്രില്‍ ഒന്നാംതീയതി മാത്രമാണ് നിയമനം സംബന്ധിച്ച് ഔദ്യോഗിക തീരുമാനം കൈക്കൊണ്ടത്.

പുതിയ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ നിയമിച്ചൂവെന്ന് കഴിഞ്ഞമാസം മുതലാണ് എ.പി വിഭാഗം സുന്നികള്‍ അവകാശപ്പെട്ട് തുടങ്ങിയത്. വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണ ചടങ്ങുകളും ഇതിന്റെ പേരില്‍ സംഘടിപ്പിച്ചിരുന്നു.