‘സേലത്തേക്ക് മടങ്ങിവന്നാല്‍ കൊന്ന് കളയും’; യുവാക്കള്‍ക്ക് വീണ്ടും കല്ലടയുടെ ഭീഷണി

single-img
29 April 2019

കല്ലട ബസില്‍ മര്‍ദ്ദനത്തിനിരയായ യുവാക്കള്‍ക്ക് വീണ്ടും ഭീഷണി. സേലത്തേക്ക് മടങ്ങിവന്നാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ടിക്കറ്റ് ബുക്ക് ചെയ്ത നമ്പറിലേക്ക് 400 തവണ വിളിച്ചുവെന്നും മര്‍ദനത്തിനിരയായ സച്ചിനും അഷ്‌കറും മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കല്ലട ബസ്സില്‍വെച്ച് മൂന്ന് യുവാക്കള്‍ കൂര മര്‍ദ്ദനത്തിന് ഇരകളായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മറ്റു യാത്രക്കാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് കേസുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്യ്തത്.

അതിനിടെ, പെര്‍മിറ്റ് ലംഘിച്ച 163 അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് അയ്യായിരം രൂപ വീതം പിഴയിട്ടു. ഇതില്‍ 21 എണ്ണം സുരേഷ് കല്ലടയുടേതാണ്. അനധികൃതമായി സാധനങ്ങള്‍ കടത്തിയതിന് രണ്ടുബസുകളില്‍ നിന്ന് പിഴയീടാക്കി.

നാലുലക്ഷത്തി എണ്‍പത്തിയൊന്നായിരം രൂപയാണ് പിഴയിനത്തില്‍ ലഭിച്ചത്. കോണ്‍ട്രാക്ട് കാരേജ് പെര്‍മിറ്റിന്റ മറവില്‍, ഓരോ സ്റ്റോപ്പില്‍ നിന്നും ആളെക്കയറ്റി സ്റ്റേജ് കാരേജ് സര്‍വീസ് നടത്തിയതിനാണ് പിഴ. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ട് ടിക്കറ്റ് ബുക്കിങ് ഏജന്‍സികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.