കള്ളവോട്ട് എന്ന് മനസിലായിട്ടും എന്തുകൊണ്ട് മറ്റ് പാർട്ടികളുടെ പോളിംഗ് ഏജന്റുമാർ അതിനെ എതിർത്തില്ല: ടിക്കാറാം മീണ

single-img
28 April 2019

കള്ളവോട്ട് ചെയ്തെന്ന് മനസിലായെങ്കിൽ എന്തുകൊണ്ടാണ് മറ്റ് പാർട്ടികളുടെ പോളിങ് ഏജന്റുമാർ അതിനെ എതിർത്തില്ല എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഈ കാര്യം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. അന്വേഷണത്തില്‍ വിശദമായ റിപ്പോർട്ട് കിട്ടിയാലുടൻ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും ടിക്കാറാം മീണ അറിയിച്ചു. കള്ളവോട്ടിന്റെ ദൃശ്യങ്ങൾ സഹിതം പുറത്തുവന്നതോടെ ഇതിനെ പ്രതിരോധിക്കാനുള്ള സിപിഎം നീക്കവും സജീവമായി.

പാര്‍ട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പച്ചക്കള്ളമെന്നാണ് ആരോപണത്തെ വിശേഷിപ്പിച്ചത്. ഇതിനിടെ ഓപ്പൺ വോട്ടിട്ടതാണെന്ന വാദവും പാര്‍ട്ടി ഉയർത്തിയിട്ടുണ്ട്. ഈ കാര്യത്തില്‍ വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കാസര്‍കോട് കണ്ണൂർ കളക്ടർമാർക്ക് നിർദ്ദേശം നൽകിയത്.

കള്ളവോട്ട് നടന്ന ബൂത്തിനുള്ളിലെ മറ്റ് പാർട്ടികളുടെ പോളിങ് ഏജന്റുമാർ എന്തുകൊണ്ട് എതിർത്തില്ലെന്ന സംശയം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഉന്നയിച്ചു. അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. പിന്നീട് റീ പോളിങ് അടക്കമുള്ള കാര്യങ്ങൾ കമ്മീഷൻ തീരുമാനിക്കുമെന്നും മീണ കൂട്ടിച്ചേർത്തു.