രാത്രി കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവതികളെ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞു: യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി

single-img
28 April 2019

തിരുവനന്തപുരം: രാത്രിയിൽ ബൈക്കിൽ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച  പെണ്‍കുട്ടികളെ രക്ഷിച്ച് തിരുവനന്തപുരം സിറ്റി പൊലീസ്.  രാത്രി 11 മണിയോടെ ശ്രീകാര്യം- ചെമ്പഴന്തി റോഡിലാണ് സംഭവം.  ശ്രീകാര്യം ഭാഗത്തേക്ക് കാറിൽ വരികയായിരുന്ന 3 യുവതികളെ ആണ് ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് ആക്രമിക്കാൻ ശ്രമിച്ചത്.

ബൈക്ക് കുറുകെ വച്ച് തങ്ങളുടെ വാഹനം തടയുമെന്ന അവസ്ഥയിൽ യുവതികൾ ഉടൻ തന്നെ പൊലീസ് കണ്ട്രോൾ റൂമുമായി ബന്ധപ്പെട്ടു. വിവരം ലഭിച്ച ഉടനെ തന്നെ ശ്രീകാര്യം പൊലീസ് സ്ഥലത്തേക്ക് തിരിച്ചു. സമീപത്തുണ്ടായിരുന്ന മറ്റ് സ്റ്റേഷനുകളിലെ വാഹനങ്ങളെയും പൊലീസ് കണ്ട്രോൾ റൂമിൽ നിന്ന് സംഭവ സ്ഥലത്തേക്ക് അയച്ചു. ഇതിനിടെ യുവാവ് കാർ തടഞ്ഞു നിറുത്തി കാറിന്‍റെ  ഗ്ലാസ്സ് തകർക്കാൻ ശ്രമിച്ചു. ഭയന്ന് യുവതികൾ കാറിനുള്ളിൽ ഇരുന്ന് നിലവിളിച്ചു.

ഇതിനിടെ സ്ഥലത്തെത്തിയ ശ്രീകാര്യം പൊലീസ് സംഘം രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കാറിൽ നിന്ന് പുറത്തിറങ്ങിയ യുവതികളിൽ ഒരാൾ ബോധരഹിതയായി വീഴുകയും ചെയ്തു.  

കാട്ടായിക്കോണം സ്വദേശിയായ ശിവപ്രസാദ് എന്നയാളാണ് അറസ്റ്റിലായത്. ബൈക്കിൽ കാർ തട്ടിയത് ചോദ്യം ചെയ്യാൻ പിന്നാലെപോയെന്നാണ് യുവാവിന്റെ മൊഴിയെന്നും എന്നാൽ ഇയാളുടെ പേരിൽ ഇന്ത്യൻ ശിക്ഷാ നിയമം 341 (അന്യായമായി തടഞ്ഞുവെയ്ക്കുക), 294(b) (പൊതുസ്ഥലത്ത് അശ്ലീലം പറയുക), 509 (സ്ത്രീകളുടെ അന്തസ് ഹനിക്കും വിധം പെരുമാറുക), 354 A(ലൈംഗികാതിക്രമം) എന്നിവയും കൂടാതെ കേരള പൊലീസ് ആക്ട് 119(1) (സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ) ഉം ചുമത്തി കേസെടുത്തെന്നും ശ്രീകാര്യം പൊലീസ് ഇവാർത്തയോട് പറഞ്ഞു.