പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നിര്‍മ്മിച്ചത് ഒരു റോഡ്‌ മാത്രം: പ്രിയങ്ക ഗാന്ധി

single-img
28 April 2019

പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരാണസിയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നിർമ്മിച്ചത് ഒരു റോഡ് മാത്രം എന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്ത് വികസനത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന മണ്ഡലമാണ് വാരാണസിയെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. യുപിയിലെ ബാരബങ്കിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

അഞ്ച് വർഷത്തിനിടയിൽ വിമാനത്താവളം മുതല്‍ സിറ്റി വരെ 15 കിലോ മീറ്റര്‍ റോഡ് മാത്രമാണ് വാരാണസിയിൽ നിര്‍മ്മിച്ചത്. പ്രശസ്ത ക്ഷേത്ര നഗരമായ വാരാണസിയില്‍ മറ്റൊരു വികസനവും നടന്നിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. ഈ മണ്ഡലത്തിലെ ജനങ്ങളുമായി താന്‍ സംസാരിച്ചിരുന്നു. അഞ്ച് വർഷത്തിൽ അവര്‍ അനുഭവിച്ച ദുരിതങ്ങള്‍ അവര്‍ തന്നോട് വിശദീകരിച്ചു.

കർഷകർ ആണെങ്കിൽ ബാങ്കുകളില്‍ അടക്കാനുള്ള കടം വീട്ടാനുള്ള പോരാട്ടത്തിലാണ്. അവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധന പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഇതുപോലുള്ള പ്രശ്നങ്ങളില്‍ പാവപ്പെട്ടവരെ സഹായിക്കുന്നതിന് പകരം സര്‍ക്കാര്‍, ജിഎസ് ടിവഴിയും നോട്ട് നിരോധിച്ചും കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തതെന്നും പ്രിയങ്ക കൂടിചേർത്തു.