‘ടാ എന്നെ തൃശൂര്‍ എത്തിക്കാതെ നീയൊന്നും ഇവിടെ നിന്ന് ഒരടി അനങ്ങില്ല’; കല്ലട ഗുണ്ടകളെ പാഠം പഠിപ്പിച്ച് യുവാവ്: വീഡിയോ വൈറല്‍

single-img
27 April 2019

സുരേഷ് കല്ലട ബസ്സിലെ ദുരനുഭവങ്ങളെ കുറിച്ച് നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. എന്നാല്‍ ഇതിനിടെ കല്ലട ബസിലെ ഗുണ്ടകളെ പാഠം പഠിപ്പിച്ച യുവാവിന്റെ എഫ്ബി പോസ്റ്റ് വൈറലാകുന്നു. തൃശൂര്‍ സ്വദേശി മുഹമ്മദ് സനീബ് എന്ന യുവാവാണ് കല്ലട ഗുണ്ടകളെ ‘പാഠം പഠിപ്പിച്ച’ കാര്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.

സനീബിന്റെ വാക്കുകള്‍: നാലു മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണ്. ബെംഗളൂരുവില്‍ നിന്നു തൃശൂരിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കല്ലടയുടെ ഓഫീസില്‍ പോയി. കല്ലട ബസിലെ സ്ഥിരം യാത്രക്കാരനാണ് ഞാന്‍. ഓഫിസില്‍ പലതവണ പോയിട്ടുണ്ട്. തൃശൂര്‍ ടൗണില്‍ പോകുമോ എന്ന് ഉറപ്പ് വാങ്ങിയ ശേഷമാണ് ടിക്കറ്റെടുത്തത്. അങ്ങനെ യാത്ര തുടങ്ങി. പുലര്‍ച്ചെ ജീവനക്കാരുടെ വിളി കേട്ടാണ് ഉണരുന്നത്. തൃശൂര്‍ ഇറങ്ങാന്‍ ഉള്ളവര്‍ ഇറങ്ങി വന്നേ എന്ന്. ഞാന്‍ ബാഗുമെടുത്ത് ഇറങ്ങാന്‍ െചന്നപ്പോള്‍ സ്ഥലം തൃശൂര്‍ അല്ല, മണ്ണുത്തിയാണ്.

ബസിന്റെ പടിയില്‍ നിന്നുകൊണ്ട് തന്നെ ചോദിച്ചു. എനിക്ക് തൃശൂരാണ് ഇറങ്ങേണ്ടത്. ഇവിടെയല്ല. അതൊന്നും അറിയണ്ട. വലിയ വര്‍ത്തമാനമൊന്നും പറയാതെ മര്യാദയ്ക്ക് ഇറങ്ങിക്കോ എന്നാണ് ലഭിച്ച മറുപടി. പിന്നീട് ഗുണ്ടായിസത്തിന്റെ ഭാഷയിലും സംസാരം. ഇങ്ങനെയുള്ള അവസരത്തില്‍ നമ്മളും ഒട്ടും മോശമാകാറില്ല. ‘ടാ എന്നെ തൃശൂര്‍ എത്തിക്കാതെ നീയൊന്നു ഇവിടെ നിന്ന് ഒരടി അനങ്ങില്ല.. ഒന്നുകില്‍ എന്നെ തൃശൂര്‍ ഇറക്കണം അല്ലെങ്കില്‍ ഇവിടെ നിന്ന് തൃശൂര്‍ വരെയുള്ള ഓട്ടോ ചാര്‍ജ് 200 രൂപയാണ്. അതുതന്ന് എന്നെ ഒരു ഓട്ടോയില്‍ കയറ്റി വിടണം.’

ഈ അഭിപ്രായം ഉറച്ച ശബ്ദത്തില്‍ തന്നെ തിരിച്ചു പറഞ്ഞു. ബസിന്റെ പടിയില്‍ നിന്നുകൊണ്ടുതന്നെ. ബഹളം ആയതോടെ ബസിന്റെ മറ്റ് യാത്രക്കാരും ഇടപെട്ടു. അവര്‍ എനിക്കൊപ്പം ഉറച്ച് നിന്നതോടെ ഇവന്‍മാരുടെ ഗുണ്ടായിസം ഒന്നും നടപ്പായില്ല. പിന്നീട് ആ പുലര്‍ച്ചെ സമയത്ത് തന്നെ ബസിലെ ജീവനക്കാരന്‍ ഓട്ടോ സ്റ്റാന്‍ഡില്‍ പോയി ഓട്ടോ വിളിച്ച് കൊണ്ടുവരികയും അതിനുള്ള ചാര്‍ജും തന്ന ശേഷമാണ് ഞാന്‍ ബസില്‍ നിന്നിറങ്ങിയത്. ഒരുമിച്ച് നിന്നാല്‍ തീരാവുന്നതേയുള്ളൂ കല്ലടയുടെ ഗുണ്ടായിസമൊക്കെ. മുഹമ്മദ് പറയുന്നു. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഇനിയും ആരും മറച്ച് വയ്ക്കാതെ പങ്കുവയ്ക്കണമെന്നും യുവാവ് ആവശ്യപ്പെടുന്നു.

എൻറെ കല്ലട അനുഭവങ്ങൾ 😁 എല്ലാവരും അവരവരുടെ അനുഭവങ്ങൾ ഷെയർ ചെയ്യാൻ ഈ വീഡിയോ ഒരു പ്രേരണ ആകട്ടെShare it maximum pls #boycottkallada#mykalladaexperience#redbus#salute

Posted by Changathikoottam ചങ്ങാതികൂട്ടം on Monday, April 22, 2019