ശ്രീലങ്കയില്‍ വീണ്ടും ഏറ്റുമുട്ടല്‍; ആറു കുട്ടികള്‍ ഉള്‍പ്പെടെ പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടു

single-img
27 April 2019

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവര്‍ക്കായി സുരക്ഷാസേന നടത്തിയ റെയ്ഡിനിടെ ഏറ്റുമുട്ടല്‍. ആറു കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. സമ്മാന്‍തുറെയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

മൂന്ന് പേര്‍ ചാവേറായി പൊട്ടിത്തെറിക്കുകയും ബാക്കിയുള്ളവരെ പൊലീസ് വെടിവെച്ചു കൊല്ലുകയുമായിരുന്നു. ചാവേറുകള്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് മൂന്ന് സ്ത്രീകളും ആറ് കുട്ടികളും കൊല്ലപ്പെട്ടത്. കിഴക്കന്‍ നഗരമായ കല്‍മുനൈയില്‍ വെള്ളിയാഴ്ച രാത്രി വീടിനുള്ളില്‍ മറഞ്ഞിരിക്കുന്നവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

ഈസ്റ്റര്‍ ദിനത്തിലുണ്ടായ ആക്രമണത്തിന് ഉത്തരവാദികളായവര്‍ കല്‍മുനൈ പരിസരത്തുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. മൂന്ന് പേരുടെ ജഡം വീട് പുറത്താണ് കണ്ടെത്തിയത്. ഇവരും ചാവേര്‍ ആയി കൊല്ലപ്പെട്ടാതാണെന്ന് സംശയമുണ്ട്. അതേസമയം ഒരുമണിക്കൂറിലേറെ പോലീസുമായി വെടിവെപ്പുണ്ടായതായും സൈനിക അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വീടിനുള്ളില്‍ ഒളിച്ചിരുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് അനുഭാവികളെ കീഴടക്കാനുള്ള ശ്രമത്തിനിടെ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് സുമിത് അടപട്ടു പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ ചാവേറായ എട്ട് പേര്‍ ധരിച്ചിരുന്ന ഐഎസ്‌ഐഎസ് പതാകകള്‍ക്കും യൂ ണിഫോമിനും സമാനമായവ കണ്ടെടുത്തു. സ്‌ഫോടക വസ്തുക്കളും കണ്ടെത്തി.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കില്ലെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ആക്രമണത്തില്‍ 253 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.