രാജൻ വോട്ടു ചെയ്തു; പക്ഷേ വിരലിൽ മഷിപുരണ്ടില്ല

single-img
27 April 2019

കൈവിരലിൽ മഷിപുരളാതെ വോട്ട് ചെയ്തു വ്യത്യസ്തനായിരിക്കുകയാണ് മണലൂർ പണ്ടാരൻ വിട്ടിലെ  79-കാരനായ പി.ആർ. രാജൻ. മണലൂർ സെന്റ്. തെരേസാസ് കോൺവെന്റ് സ്കൂളിലെ 148-ാം ബൂത്തിലാണ് രാജൻ വോട്ട് രേഖപ്പെടുത്തിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഷി പുരട്ടിയതിനു ശേഷം രാജന് കൈകളിൽ അലർജി ഉണ്ടായിരുന്നു. അസഹ്യമായ ചൊറിച്ചിലും മഷി പുരട്ടിയ ഭാഗത്തെ തൊലിയടർന്നുപോവുകയും ചെയ്തതോടെ വൈദ്യ സഹായം തേടി. മാസങ്ങളോളം നീണ്ട ചികിത്സയ്ക്കു ശേഷമാണ് ചെറുതായെങ്കിലും ശമനമുണ്ടായത്.

വോട്ടു പാഴാക്കരുതെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നതിനാൽ തൃശ്ശൂർ ജനറൽ ആശുപത്രിയിലെത്തി സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷമാണ് രാജൻ വോട്ട് ചെയ്യാനായി പോയത്. വോട്ട് രേഖപ്പെടുത്താനായി പോളിങ് സ്റ്റേഷനിലെത്തിയെങ്കിലും മഷി പുരട്ടാതെ വോട്ട് അനുവദിക്കാൻ അവർ ആദ്യം മടിച്ചു. രാജന്റെ നിർബന്ധത്തിനു വഴങ്ങി ഉദ്യോഗസ്ഥർ പിന്നീട് അദ്ദേഹത്തിന്റെ വോട്ട് രേഖപ്പെടുത്താൻ തയ്യാറാവുകയായിരുന്നു.