കനത്ത നാശംവിതച്ച് വേനല്‍ മഴ; പത്തിലധികം വീടുകള്‍ തകര്‍ന്നു; ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനുളള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം

single-img
26 April 2019

കോഴിക്കോടിന്റെ മലയോരമേഖലകളില്‍ കനത്ത നാശംവിതച്ച് വേനല്‍ മഴ. പേരാമ്പ്ര, മുക്കം പ്രദേശങ്ങളില്‍ പത്തിലധികം വീടുകള്‍ തകര്‍ന്നു. ഒട്ടേറെ മരങ്ങള്‍ കാറ്റില്‍ കടപുഴകി. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു മുകളിലേക്കും കൂറ്റന്‍ മരങ്ങള്‍ വീണു.

ഓമശേരി, തിരുവമ്പാടി, പൂത്തൂര്‍ അമ്പലക്കണ്ടി റോഡുകളില്‍ ഗതാഗതം നിലച്ചു. ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നതോടെ പ്രദേശത്ത് വൈദ്യുതി ബന്ധം നിശ്ചലമായി. പേരാമ്പ്രയില്‍ വിവിധയിടങ്ങളില്‍ കൃഷിനാശം ഉണ്ടായി. മഴ തുടര്‍ന്നാല്‍ മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പു നല്‍കി.

അതിനിടെ, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനുളള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം. എട്ട് ജില്ലകളില്‍ ചൊവ്വാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കടല്‍ പ്രക്ഷുബ്ധമാകാനിടയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ തൊട്ടടുത്ത തീരത്തേക്ക് ഉടന്‍ മടങ്ങാനാണ് നിര്‍ദേശം.