മോദിയുടെ നാമനിര്‍ദേശ പത്രികയില്‍ പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രിയുടെ വസതിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍

single-img
26 April 2019

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നും തുടര്‍ച്ചയായ രണ്ടാം തവണയും ജനവിധി തേടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വാരാണസി കളക്‌ട്രേറ്റില്‍ എന്‍ഡിഎ നേതാക്കളുടെ വന്‍ പടയോടൊപ്പം എത്തിയാണ് മോദി പത്രിക സമര്‍പ്പിച്ചത്.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സുഷമ സ്വരാജ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നേതാക്കളുടെ നീണ്ടനിര മോദിക്കൊപ്പം അണിനിരന്നു. പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച വൈകിട്ട് മണ്ഡലത്തില്‍ മോദിയുടെ റോഡ് ഷോ അരങ്ങേറിയിരുന്നു.

അതേസമയം, മോദിയുടെ നാമ നിര്‍ദ്ദേശ പത്രികയില്‍ പേര് നിര്‍ദേശിച്ചത് സെക്യൂരിറ്റി ജീവനക്കാരന്‍ (ചൗക്കിദാര്‍) രാം ശങ്കര്‍ പട്ടേല്‍. അദ്ധ്യാപികയായ നന്ദിത ശാസ്ത്രി, ദളിത് നേതാവ് ജഗദീഷ് ചൗധരി, ബിജെപി പ്രവര്‍ത്തകന്‍ സുഭാഷ് ഗുപ്ത എന്നിവരാണ് പത്രികയില്‍ ഒപ്പ് വെച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാഡോദരയില്‍ നിന്ന് മോദിയെ നാമനിര്‍ദേശം ചെയ്തത് ചായക്കടക്കാരനായ കിരണ്‍ മഹീദയായിരുന്നു.

ഈ തെരഞ്ഞെടുപ്പില്‍ ചൗക്കിദാര്‍ എന്നത് പോലെ ചായ്‌വാല(ചായക്കടക്കാരന്‍) എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ നരേന്ദ്രമോദിയുടെ പ്രധാന പ്രചരണവിഷയം. വര്‍ഷങ്ങളായി വഡോദരയിലെ ഖന്ദേരാവൂ മാര്‍ക്കറ്റില്‍ ചായ വിറ്റിരുന്ന ആളായിരുന്ന കിരണ്‍ മഹീദ രാം ജന്മഭൂമി മൂവ്‌മെന്റിന്റെ കാലത്ത് പാര്‍ട്ടിയിലെത്തിയ ബിജെപി പ്രവര്‍ത്തകനായിരുന്നു. മഹീദ പിന്നീട് വഡോദര മുന്‍സിപ്പല്‍ കോര്‍പറേഷന്റെ സ്‌കൂള്‍ വിദ്യാഭ്യാസ കമ്മിറ്റിയിലെ അംഗവുമായി.

ഇത്തവണ നാമനിര്‍ദേശം ചെയ്തവരില്‍ തന്റെ സെക്യൂരിറ്റി ജീവനക്കാരനെക്കൂടി ഉള്‍പ്പെടുത്തിയത് കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും തന്റെ പ്രചരണവിഷയത്തിന് ശക്തി പകരുമെന്നാണ് മോദിയുടേയും ബിജെപിയുടെയും വിശ്വാസം.