രാത്രി വൈകിയുള്ള ഫോണ്‍വിളിയില്‍ സംശയം; കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

single-img
26 April 2019

കൊച്ചി കണ്ണമാലിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. കണ്ണമാലി സ്വദേശി ഷേര്‍ളി(44) ആണ് മരിച്ചത്. ഭര്‍ത്താവ് സേവിയര്‍(67) തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പൊലീസിനെ ഫോണ്‍ ചെയ്ത് അറിയിച്ചത്. ഷേര്‍ളി മറ്റു ചിലരുമായി സ്ഥിരമായി ഫോണില്‍ സംസാരിക്കുന്നതിനെ ചൊല്ലി ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് വെളുപ്പിനുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് സേവിയര്‍ ഷേര്‍ളിയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയത്. സേവിയറിനെ കണ്ണമാലി പൊലീസ് അറസ്റ്റ് ചെയ്തു.

അടുത്തകാലത്തായി ഷേര്‍ളി മറ്റാരെയോ നിരന്തരമായി ഫോണ്‍ ചെയ്യാറുണ്ടെന്നും അതു നിര്‍ത്തണമെന്നും താന്‍ ആവശ്യപ്പെട്ടിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞു. എന്നാല്‍, ഷേര്‍ളി അത് കൂട്ടാക്കിയില്ല. വ്യാഴാഴ്ച അര്‍ധരാത്രി ഫോണ്‍ വിളിക്കുന്നത് കണ്ട പ്രതി മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും മേലില്‍ ഫോണ്‍ വിളിക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു.

ഇനിയും താന്‍ ഫോണ്‍ വിളിക്കുമെന്ന് പറഞ്ഞതോടെ ഇരുവരും വാക്കേറ്റമായി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ സേവ്യര്‍ ഭാര്യയെ മര്‍ദ്ദിക്കുകയും തോര്‍ത്ത് കൊണ്ട് കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഈ സമയം മകന്‍ ഉണ്ണി (19) വീടിനോട് ചേര്‍ന്നുള്ള ചായ്പ്പില്‍ ഉറങ്ങുന്നുണ്ടായിരുന്നു.

പുലര്‍ച്ചെ സേവ്യര്‍ തന്നെയാണു വിവരം പോലീസില്‍ വിളിച്ചു പറഞ്ഞത്. പേലീസ് എത്തിയപ്പോഴേക്കും തുണികള്‍ സഞ്ചിയിലാക്കി കടന്നുകളയാനുള്ള തയ്യാറെടുപ്പിലായിരുന്നു സേവ്യര്‍. പോലീസ് എത്തിയ ശേഷമാണ് അമ്മ കൊല്ലപ്പെട്ട വിവരം മകന്‍ അറിഞ്ഞത്. സേവ്യറും ഷേര്‍ളിയും തമ്മില്‍ ഫോണ്‍ വിളിയുടെ പേരില്‍ നിരന്തരം വഴക്കുണ്ടാക്കുന്നത് കണ്ടിട്ടുണ്ടെന്ന് മകന്‍ പറഞ്ഞു.