വടക്കൻ കേരളത്തിൽ ഒരു സീറ്റൊഴിച്ച് എട്ടും യുഡിഎഫിന്; കേരളം തൂത്തുവാരുമെന്ന് കോൺഗ്രസ്

single-img
25 April 2019

വടക്കന്‍ കേരളത്തിലെ ഒൻപത് മണ്ഡലങ്ങളില്‍ എട്ടിലും യുഡിഎഫ് ജയം ഉറപ്പെന്ന് കോൺഗ്രസ് വിലയിരുത്തൽ. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുകൂലമായി ശക്തമായ ന്യൂനപക്ഷ ഏകീകരണം നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നു. നേരത്തെ കടുത്ത മത്സരം പ്രതീക്ഷിച്ചിരുന്ന പല മണ്ഡലങ്ങളിലും അവസാന നിമിഷം സാഹചര്യം അനുകൂലമായതായും നേതാക്കള്‍ വ്യക്തമാക്കുന്നു.

പാലക്കാട് മാത്രമാണ് വടക്കന്‍ കേരളത്തില്‍ യുഡിഎഫിന് നഷ്ടപ്പെടാന്‍ സാധ്യതയുള്ളതെന്നാണ് ഇവരുടെ വിലയിരുത്തല്‍. മലബാർ മേഖലമുഴുവൻ യുഡിഎഫ് സ്വന്തമാക്കുമെന്നും വിലയിരുത്തലുണ്ട്. വടക്കന്‍ കേരളത്തില്‍ കാസര്‍ക്കോട്, ആലത്തൂര്‍ മണ്ഡലങ്ങളില്‍ സ്ഥിതി എളുപ്പമല്ലെന്നായിരുന്നു നേരത്തെ പാര്‍ട്ടി വിലയിരുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ലെന്നും നേതാക്കൾ പറയുന്നു.

കാസര്‍ക്കോട് ഉറച്ച രാഷ്ട്രീയ വോട്ടുകള്‍ സിപിഎമ്മിനൊപ്പം നില്‍ക്കും. പെരിയ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ഇവയില്‍ ഇളക്കമുണ്ടാക്കാനാണ് കോണ്‍ഗ്രസ് പ്രധാനമായും ശ്രമിച്ചത്. പ്രചാരണവും ഇതില്‍ ഊന്നിയായിരുന്നു. ഒരു പരിധി വരെ ഇതു വിജയിച്ചെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്.

സംസ്ഥാനത്ത് ആകെയുണ്ടായിട്ടുള്ള ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം കൂടിയാവുമ്പോള്‍ രാഷ്ട്രീയ വോട്ടുകളിലൂടെ എല്‍ഡിഎഫിനുള്ള മേല്‍ക്കൈ മറികടക്കാനാവുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ആലത്തൂരില്‍ രമ്യാ ഹരിദാസിന്റെ സ്ഥാനാര്‍തിത്വത്തിനു കിട്ടിയ സ്വീകാര്യത വലിയൊരളവോളം വോട്ടായി മാറുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

മലബാറില്‍ വോട്ടിങ് ശതമാനം ഉയർന്നത് യുഡിഎഫിന് അനുകൂലമായി വരുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. സാധാരണഗതിയില്‍ വോട്ടിങ്ങില്‍ പങ്കെടുക്കാത്ത വലിയൊരു വിഭാഗം ഇക്കുറി പോളിങ് ബൂത്തുകളില്‍ എത്തിയിട്ടുണ്ട്. സ്ത്രീവോട്ടര്‍മാരാണ് ഇവരില്‍ നല്ലൊരു പങ്കും. കെ മുരളീധരനും പി ജയരാജനും തമ്മില്‍ ശക്തിയേറിയ പോരാട്ടം നടന്ന വടകരയിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീവോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതെന്നും ഇതു മികച്ച സൂചകമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. .