ബാങ്കിൽ നിന്നും വായ്പ ലഭിക്കാത്ത ദേഷ്യം തീർക്കാൻ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച മുറി ബോംബിട്ട് തകര്‍ക്കുമെന്ന് സന്ദേശം അയച്ചു; യുവതി അറസ്റ്റില്‍

single-img
25 April 2019

വിശാഖപട്ടണം: തനിക്ക് ബാങ്ക് വായ്പ അനുവദിക്കാത്തതിൽ പ്രതിഷേധിക്കാൻ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച മുറി ബോംബിട്ട് തകര്‍ക്കുമെന്ന് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഭീഷണി സന്ദേശമയച്ച യുവതി അറസ്റ്റില്‍. ആന്ധ്രയിലെ അനകപള്ളെയിലാണ് സംഭവം.

കള്ളപ്പേരിൽ പുതിയ ഫോണ്‍ വാങ്ങി സുഹൃത്തിന്‍റെ സിം കാര്‍ഡ് മോഷ്ടിച്ചാണ് യുവതി ഭീഷണി സന്ദേശമയച്ചതെന്നും ബാങ്കിനോടുള്ള ദേഷ്യം മൂലമാണ് യുവതി ഭീഷണി മുഴക്കിയതെന്നും പോലീസ് അറിയിച്ചു.

സംസ്ഥാനത്തുള്ള വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച എല്ലാ സ്ഥലങ്ങളും ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. ഈ സന്ദേശത്തിന് പിന്നിൽ 40 വയസ്സുള്ള ശ്രീരഞ്ജിനി എന്ന സ്ത്രീയാണ് എന്ന് കണ്ടെത്തിയ പോലീസ് അവരെ അറസ്റ്റ് ചെയ്തു. അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകകൂടിയാണ് ഇവര്‍.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.