ഇന്റര്‍മീഡിയറ്റ് പരീക്ഷയിലെ കൂട്ടത്തോല്‍വി: ഇതുവരെ ആത്മഹത്യ ചെയ്തത് 20 കുട്ടികള്‍; സര്‍ക്കാരിനെതിരെ ജനരോഷം ആളിക്കത്തുന്നു

single-img
25 April 2019

ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് തെലങ്കാനയില്‍ ഇതുവരെ ആത്മഹത്യ ചെയ്തത് 20 കുട്ടികള്‍. 9.74 ലക്ഷം കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. റിസല്‍ട്ട് വന്നപ്പോള്‍ 3.28 ലക്ഷം കുട്ടികളാണ് തോറ്റത്. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ നടന്ന 1,2 വര്‍ഷങ്ങളിലെ ഇന്റര്‍മീഡിയറ്റ് പരീക്ഷയുടെ റിസല്‍ട്ട് ഇന്റര്‍മീഡിയറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ വന്ന് അല്‍പസമയത്തിനകം തന്നെ കുട്ടികളുടെ ആത്മഹത്യാ വാര്‍ത്തയും പുറത്തു വന്നിരുന്നു. കുട്ടികളുടെ കൂട്ട ആത്മഹത്യയെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി എന്‍ജിഒ സംഘടനകളും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

വിഷയത്തില്‍ ഇടപെട്ട തെലങ്കാന ഹൈക്കോടതി തോറ്റ കുട്ടികളുടെ ഉത്തരപേപ്പറുകള്‍ അടിയന്തരമായി പുനപരിശോധിക്കാന്‍ ഉത്തരവിട്ടുണ്ട്. ഉത്തര പേപ്പറുകള്‍ പുന പരിശോധിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവും അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായാണ് സംസ്ഥാനത്തെ ഇന്റര്‍മീഡിയറ്റ് പരീക്ഷ നടന്നത്. പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് ഒന്നാം വര്‍ഷം പരീക്ഷകള്‍ക്ക് മികച്ച മാര്‍ക്ക് വാങ്ങിയ പല കുട്ടികളും രണ്ടാം വര്‍ഷ പരീക്ഷയില്‍ ദയനീയമായാണ് പരാജയപ്പെട്ടത്.

പല മിടുക്കന്‍മാരായ വിദ്യാര്‍ത്ഥികള്‍ക്കും ഫലം വന്നപ്പോള്‍ പൂജ്യം മാര്‍ക്കാണ് ലഭിച്ചത്. ഒരു പാട് കുട്ടികള്‍ പരീക്ഷയ്ക്ക് ആബ്‌സന്റ് ആയിരുന്നുവെന്നും ഫലത്തില്‍ കാണിക്കുന്നു. ചിലര്‍ക്ക് രണ്ട് മൂന്നും മാര്‍ക്കുകളും. ഇക്കണോമിക്‌സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ തോറ്റ ഒരു വിദ്യാര്‍ത്ഥിയെ മേദക് ജില്ലയിലെ സ്‌കൂള്‍ കോംപൗണ്ടിലെ ഷെഡില്‍ തൂങ്ങി മരിച്ചപ്പോള്‍, ഭുവന്‍നഗരി ജില്ലയിലെ ഒരു പെണ്‍കുട്ടി വീട്ടിനുള്ളില്‍ സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നു.

ഈ പെണ്‍കുട്ടിയും സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ തോറ്റെന്നാണ് വിവരം. രംഗറെഡ്ഡി ജില്ലയില്‍ ഫിസ്‌കിസ്, സുവോളജി പരീക്ഷകളില്‍ തോറ്റ പതിനെട്ടുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. ഫലം വന്നപ്പോള്‍ മുതല്‍ പെണ്‍കുട്ടി കടുത്ത നിരാശയിലായിരുന്നുവെന്ന് കുടുംബാഗംങ്ങള്‍ പറയുന്നു.

സംഭവത്തില്‍ സംസ്ഥാനമാകെ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു നേരിട്ട് ഇടപെട്ട് പ്രശ്‌നം ഒതുക്കാനുള്ള ശ്രമത്തിലാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു കൂട്ടി സ്ഥിതിഗതികള്‍ വിശകലനം ചെയ്ത കെസിആര്‍ അടിയന്തരമായി പരീക്ഷ പേപ്പറുകള്‍ പുനപരിശോധിക്കാന്‍ തീരുമാനിച്ചു. ഇതിനായി സംസ്ഥാനത്ത് ആകെ എട്ട് ക്യാംപുകള്‍ സംഘടിപ്പിക്കും.

പരാതിയുള്ള കുട്ടികള്‍ക്ക് സൗജന്യമായി പേപ്പറുകള്‍ പുനപരിശോധിക്കാന്‍ ഇവിടെ അവസരമുണ്ടാവും. നെറ്റ്‌ജെഇഇ പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള സമയം അടുത്തു വരുന്നതിനാല്‍ എത്രയും പെട്ടെന്ന് പുനര്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണം എന്ന നിര്‍ദേശമാണ് വിദ്യാഭ്യാസവകുപ്പിന് മുഖ്യമന്ത്രി നല്‍കിയിട്ടുള്ളത്.