വടകരയിലും കോഴിക്കോട്ടും ബിജെപി കോണ്‍ഗ്രസിന് വോട്ട് കച്ചവടം നടത്തിയെന്ന് സിപിഎം; പിതൃശൂന്യ ആരോപണമെന്ന് ബി.ജെ.പി

single-img
25 April 2019

വടകരയിലും കോഴിക്കോട്ടും ബിജെപി കോണ്‍ഗ്രസിന് വോട്ടുകള്‍ മറിച്ചു വിറ്റെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. മറ്റ് മണ്ഡലങ്ങളിലും സമാനമായ വോട്ട് കച്ചവടം നടന്നിരിക്കാമെന്നും പി മോഹനന്‍ ആരോപിച്ചു.

”വോട്ട് കച്ചവടം പുതിയ കാര്യമല്ല. പല രീതിയില്‍ വോട്ട് വിറ്റിട്ടുണ്ട്. അത് ഞങ്ങള്‍ നേരിട്ട് പരിശോധിച്ച ശേഷം എത്തിയ വിലയിരുത്തലാണിത്. ഈ കാര്യം സിപിഎം മുന്‍ കൂട്ടി കണ്ടിട്ടുണ്ട്. അതനുസരിച്ചാണ് പ്രവര്‍ത്തനം നടത്തിയത്”, പി മോഹനന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോഴിക്കോട്ടെയും വടകരയിലെയും ഉയര്‍ന്ന പോളിംഗ് ശതമാനത്തെക്കുറിച്ച് വിലയിരുത്താന്‍ കോഴിക്കോട്ട് ജില്ലാ നേതാക്കള്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. കോഴിക്കോട്ട് 81.47%, വടകര 82.48% എന്നിങ്ങനെയായിരുന്നു പോളിംഗ് ശതമാനം.

കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് 79.75 ശതമാനവും വടകരയില്‍ 81.13 ശതമാനവും വോട്ടുകളാണ് പോള്‍ ചെയ്തത്. എങ്ങനെയാണ് ഈ ട്രെന്‍ഡുണ്ടായതെന്ന വിശദമായ ചര്‍ച്ച ജില്ലാ നേതൃത്വത്തിന്റെ അവലോകനയോഗത്തിലുണ്ടായി. വിശദമായ വിലയിരുത്തലില്‍ മിക്കയിടത്തും കോണ്‍ഗ്രസും ബിജെപിയും സംയുക്തമായി പ്രവര്‍ത്തിച്ചെന്ന് കണ്ടെത്തിയെന്നാണ് സിപിഎം പറയുന്നത്.

അതേസമയം, ബി.ജെ.പി കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തിയെന്ന സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവന പിതൃശൂന്യ ആരോപണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന്‍. എല്ലാ കാലവും പരാജയം മണക്കുമ്പോള്‍ സി.പി.എം നടത്തുന്ന ആരാപണമാണിത്. ഇതിനെ പുച്ഛിച്ച് തള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മും കോണ്‍ഗ്രസും രണ്ട് കാലിലും ബാധിച്ച മന്താണ്. രണ്ട് പേര്‍ ജയിച്ചാലും രാഹുലിനാണ് പിന്തുണ. അതുകൊണ്ട് രണ്ടിനേയും ബി.ജെ.പിക്ക് സ്വീകരിച്ചിട്ട് ഒരു ഗുണവുമില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മൂന്ന് തവണ എം.എല്‍.എ ആയിട്ടും മന്ത്രിയാക്കാന്‍ പോലും കൊള്ളില്ല എന്ന് പാര്‍ട്ടി തന്നെ വിലയിരുത്തിയ ഒരാളെ ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചത് അദ്ദേഹത്തെ ഒതുക്കാന്‍ വേണ്ടിയാണ്.

ഇക്കാര്യം എല്ലാവര്‍ക്കും അറിയാം. എല്‍.ഡി.എഫിന് കൈയില്‍ കിട്ടേണ്ട ഒരു മണ്ഡലം ഇത്തരത്തിലുള്ള ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തി കളഞ്ഞുകുളിച്ചുവെന്ന് മെയ് 23ന് അറിയാന്‍ കഴിയും. അതുവരെ കാത്തിരിക്കാനുള്ള ക്ഷമ കാണിക്കാതെ ഇത്തരം പ്രസ്താവനകള്‍ നടത്തിയത് കൊണ്ട് എന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു.