സ്വന്തം വിവാഹം മുടക്കാന്‍ തട്ടിക്കൊണ്ടുപോയതായി ‘നാടകം കളിച്ച്’ വീട്ടുകാരില്‍ നിന്നും 5 ലക്ഷം തട്ടി: വരന്‍ അറസ്റ്റില്‍

single-img
25 April 2019

സ്വന്തം വിവാഹം മുടക്കാന്‍ തന്നെ തട്ടിക്കൊണ്ടുപോയതായി ‘നാടകം കളിച്ച’ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ജാന്‍ത്സി സ്വദേശിയായ രവി സിംഗ് എന്ന 31 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകിക്ക് ഒപ്പം ജീവിക്കാനാണ് ഡെല്‍ഹിയില്‍ എഞ്ചിനീയറായ ഇയാള്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം കളിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

ഏപ്രില്‍ 23ന് തന്റെ വിവാഹമാണെന്നും താന്‍ വീട്ടില്‍ പോവുകയാണെന്നും പറഞ്ഞാണ് ഏപ്രില്‍ 19ന് രവി സിംഗ് ഡല്‍ഹിയില്‍ നിന്നും വീട്ടിലേക്ക് തിരിച്ചത്. തങ്ങള്‍ക്ക് വിവാഹക്ഷണക്കത്ത് നല്‍കിയെന്നും ഒരുതരത്തിലുമുള്ള സന്തോഷ കുറവും രവിക്ക് ഉണ്ടായിരുന്നില്ലെന്നും സഹതമാസക്കാര്‍ പറഞ്ഞു.

എന്നാല്‍ ഇവിടെ നിന്നും ഇറങ്ങിയ രവി ഉത്തര്‍പ്രദേശിലെ ജാന്‍ത്സിയിലെ വീട്ടിലേക്ക് പോകുന്നതിന് പകരം ബസിന് ചണ്ഡിഗഡിലേക്കാണ് പോയത്. അവിടെ നിന്നും രവി തന്റെ ഫോണില്‍ നിന്ന് തന്നെ വിവാഹ ഒരുക്കങ്ങളുടെ തിരക്കിലായിരുന്ന മാതാപിതാക്കള്‍ക്കും, ബന്ധുക്കള്‍ക്കും തന്നെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയെന്നും 5 ലക്ഷം അവര്‍ക്ക് മോചനദ്രവ്യം കൊടുക്കണമെന്നും സന്ദേശം അയച്ചു.

ഇത് അറിഞ്ഞ് രവിയുടെ അമ്മ കുഴഞ്ഞ് വീണ് ആശുപത്രിയിലായി. ബന്ധുകള്‍ പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് ഫോണിന്റെ ടവര്‍ ലോക്കേഷന്‍ കണ്ടുപിടിച്ച് അന്വേഷണം ആരംഭിച്ചു. ഗുരുഗാവ് പൊലീസിന്റെ എട്ടംഗ സംഘം നടത്തിയ അന്വേഷണത്തിലാണ് ഡല്‍ഹിയില്‍ നിന്നും രവിയെ പിടികൂടിയത്.

രവിക്ക് ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിനിയുമായി പ്രേമം ഉണ്ടായിരുന്നു. ഇവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച രവിയെ നിര്‍ബന്ധിച്ചാണ് മറ്റൊരു വിവാഹത്തിന് വീട്ടുകാര്‍ സമ്മതിപ്പിച്ചത്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ രവി കണ്ടെത്തിയ മാര്‍ഗമായിരുന്നു തട്ടിക്കൊണ്ടു പോകല്‍ നാടകം. വീട്ടുകാര്‍ നല്‍കുന്ന പണം കൈക്കലാക്കി കാമുകിക്ക് ഒപ്പം ജീവിക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്നും പോലീസ് പറഞ്ഞു.