പ്രജ്ഞ സിങ് ഠാക്കൂറിനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ടുള്ള ഹർജ്ജി എൻ ഐ എ കോടതി തള്ളി

single-img
24 April 2019
pragya singh thakur

പ്രജ്ഞ സിങ് ഠാക്കൂറിനെ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ടു നൽകിയ ഹർജി മുംബൈയിലെ പ്രത്യേക എൻഐഎ കോടതി തള്ളി. 2008ലെ മാലെഗാവ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട നിസാറിന്റെ പിതാവ് നിസാർ സയ്യദ് ആണ് പ്രജ്ഞയ്ക്കെതിരെ ഹർജി നൽകിയത്.

മാലെഗാവ് സ്ഫോടനക്കേസിൽ പ്രതിയായ പ്രജ്ഞ ഇപ്പോൾ ജാമ്യത്തിലിറങ്ങിയാണു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
കേസിലെ മുഖ്യ പ്രതിയായ പ്രജ്ഞയെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു സയ്യദ് നൽകിയ ഹർജിയിൽ അവരുടെ ജാമ്യം റദ്ദാക്കണമെന്നുള്ള അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും പറയുന്നുണ്ട്.

വിഷയം തങ്ങളുടെ പരിധിയിൽ പെടുന്നതല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷനാണു തീരുമാനിക്കേണ്ടതെന്നും എൻഐഎ, കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നു ഹർജി ഇന്നു പരിഗണിക്കാനായി മാറ്റുകയായിരുന്നു.

യുക്തമായ അപേക്ഷയല്ല എന്ന‌ു ചൂണ്ടിക്കാട്ടിയാണു സയ്യദിന്റെ ഹർജി കോടതി തള്ളിയത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഠാക്കൂറിനു ജാമ്യം അനുവദിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ള വ്യക്തി എങ്ങനെയാണ് ഈ കടുത്ത വേനലിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സയ്യദ് ചോദിച്ചു. എന്നാൽ ഒരു ശസ്ത്രക്രിയയ്ക്കു വേണ്ടിയാണ് 2016ൽ പ്രജ്ഞയ്ക്കു ജാമ്യം അനുവദിച്ചതെന്നും ഇപ്പോഴും നില മെച്ചപ്പെട്ടു വരുന്നതേയുള്ളുവെന്നുമാണ് അവരുടെ അഭിഭാഷകനായ ജെ.പി. മിശ്ര പറഞ്ഞത്.

മധ്യപ്രദേശിലെ ഭോപാലിൽനിന്നുള്ള ബിജെപി സ്ഥാനാർഥിയാണു പ്രജ്ഞാ സിങ് ഠാക്കൂർ. കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങാണ് തിരഞ്ഞെടുപ്പിൽ പ്രജ്ഞയുടെ എതിരാളി.