ഗുജറാത്ത് കലാപത്തിന്റെ ഇര ബില്‍കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് സുപ്രീം കോടതി

single-img
23 April 2019

ഗുജറാത്ത് കലാപത്തിന്റെ ഇരയായ ബില്‍കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ ജോലി നല്‍കാനും സുപ്രീം കോടതി ഉത്തരവ്. 2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിന് ഇരയായ ബില്‍കിസ് ബാനുവിന്റെ മൂന്ന് വയസുള്ള മകളടക്കം എട്ട് കുടുംബാംഗങ്ങള്‍ അന്ന് കൊല്ലപ്പെട്ടിരുന്നു.

മകളെ തറയിലെറിഞ്ഞ് കൊന്ന ശേഷമാണ് കലാപകാരികള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍കിസ് ബാനുവിനെ പീഡിപ്പിച്ചത്. 21 ആം വയസിലാണ് ബില്‍കിസ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. കേസില്‍ 11 പ്രതികളാണ് ഉണ്ടായിരുന്നത്. കലാപത്തിന് ശേഷം സ്ഥിരം താമസ സ്ഥലം കൂടി നഷ്ടപ്പെട്ട ബില്‍കിസിന് താമസ സൗകര്യമൊരുക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

2002 മാര്‍ച്ച് മൂന്നിനായിരുന്നു കേസിനാസ്പദാമായ സംഭവം. ഗുജറാത്ത് കലാപത്തിനിടെയാണ് അഞ്ചു മാസം ഗര്‍ഭിണിയായിരുന്ന ബില്‍കിസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയാവുന്നത്. 2008 ജനുവരിയില്‍ ഈ കേസില്‍ പ്രത്യേക വിചാരണ കോടതി 12 പ്രതികള്‍ക്ക് ജീവപര്യന്തവും ഒരു പൊലീസുകാരന് മൂന്ന് വര്‍ഷം തടവും വിധിച്ചിരുന്നു.

കേസിലെ മറ്റു പ്രതികളായ അഞ്ച് പൊലീസുകാരെ വെറുതെ വിടുകയും ചെയ്തു. എന്നാല്‍ ബില്‍കിസ് ബാനു കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും 11 കുറ്റവാളികളില്‍ മൂന്ന് പേര്‍ക്ക് വധ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് സി.ബി.ഐ ബോംബെ ഹൈകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളി.

ഇവരുള്‍പ്പെടെ 11 പ്രതികളുടെ ജീവപരന്ത്യം തടവ് ഹൈകോടതി ശരിവെക്കുകയും ചെയ്തു. അതേസമയം തെളിവ് നശിപ്പിച്ച കുറ്റത്തില്‍ വിചാരണ കോടതി വെറുതെ വിട്ട അഞ്ച് പോലീസുകാര്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തി. കീഴ്‌കോടതി കുറ്റകാരനെന്ന് വിധിച്ച ഒരു പൊലീസുകാരന്‍ നേരത്തെ മരിച്ചിരുന്നു.