‘നീ ആരെടാ കല്ലട സുരേഷിന്റെ വണ്ടിക്കെതിരെ പരാതി കൊടുക്കാന്‍..?; കല്ലടയോട് കളിച്ചാല്‍ നീയൊക്കെ വിവരം അറിയും; ബസ്സില്‍ നിന്ന് ഇറങ്ങി പോകെടാ’: യാത്രക്കാര്‍ക്ക് നേരിടേണ്ടിവന്നത് ക്രൂരമായ അനുഭവങ്ങള്‍

single-img
22 April 2019

തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട സുരേഷ് കല്ലട ബസില്‍ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ട്രാവല്‍സിനെതിരെ കൂടുതല്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍. കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത മന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.

സംഭവത്തില്‍ ഗതാഗത കമ്മീഷണറോട് മന്ത്രി എ.കെ. ശശീന്ദ്രന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ബസ് കര്‍ണാടക രജിസ്‌ട്രേഷനിലുള്ളതാണ്. രജിസ്‌ട്രേഷന്‍ നിയമപരമല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. കല്ലട ട്രാവല്‍സിന്റെ മുഴുവന്‍ ബസുകളുടേയും രേഖകള്‍ പരിശോധിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.

ദൃക്‌സാക്ഷിയുമായി നേരിട്ട് സംസാരിച്ചതായും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.ജി.പിയും വ്യക്തമാക്കി. മര്‍ദനം ആസൂത്രിതമാണോ എന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതിനിടെ, കല്ലട ബസ്സില്‍ യാത്രക്കാര്‍ക്ക് നേരിടേണ്ടിവന്നത് ക്രൂരമായ അനുഭവങ്ങളെന്ന് യാത്രക്കാരന്റെ വെളിപ്പെടുത്തല്‍. ഹരിപ്പാട് പിന്നിട്ട് കരുവാറ്റയില്‍ എത്തിയപ്പോഴാണ് ബസ്സ് ബ്രേക്ക് ഡൗണാകുന്നത്. മൂന്നര മണിക്കൂറോളം വെളിച്ചം പോലും ഇല്ലാത്ത വഴിയില്‍ യാത്രക്കാര്‍ നിന്നിട്ടും പകരം സംവിധാനം ഉണ്ടാക്കിയില്ല.

യാത്രക്കാര്‍ ഇത് ചോദ്യം ചെയ്തതോടെ ബസ്സിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരില്‍ രണ്ട് പേര്‍ സംഭവസ്ഥലത്ത് നിന്ന് മുങ്ങി. യാത്രക്കാരില്‍ ചിലര്‍ പൊലീസിനെ വിവരം അറിയിച്ചതോടെ ഹരിപ്പാട് സ്റ്റേഷനില്‍ നിന്ന് പൊലീസെത്തി. പകരം ബസ്സ് വന്നിട്ടും ഒളിച്ച് നിന്ന ജീവനക്കാരെ കാത്ത് പിന്നെയും അരമണിക്കൂറോളം ബസ്സ് വഴിയില്‍ കിടന്നെന്നാണ് യാത്രക്കാരനായ സച്ചിന്‍ പറയുന്നത്.

അവിടെനിന്ന് നാല് മണിക്കൂറോളം കഴിഞ്ഞതിന് ശേഷം ബസ്സെടുത്തതോടെ യാത്രക്കാര്‍ മിക്കവരും നല്ല ഉറക്കത്തിലായിരുന്നു. വൈറ്റിലയിലെ സുരേഷ് കല്ലട ഓഫീസിന് മുന്നില്‍ ബസ്സ് നിര്‍ത്തിയിട്ടാണ് ബസ്സില്‍ അക്രമി സംഘം കയറിയതും ചോദ്യം ചെയ്ത യാത്രക്കാരെ തെരഞ്ഞു പിടിച്ച് മര്‍ദ്ദിച്ചതെന്നുമാണ് സച്ചിന്‍ പറയുന്നത്.

‘ഇവരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് ബസ് ഡ്രൈവര്‍ ആണ് ബസ്സില്‍ കയറിയ സംഘത്തിന് ചൂണ്ടിക്കാട്ടി കൊടുത്തത്. കല്ലടയോട് കളിച്ചാല്‍ നീയൊക്കെ വിവരം അറിയും, ബസ്സില്‍ നിന്ന് ഇറങ്ങി പോകെടാ എന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനം. ഉറങ്ങിക്കിടന്നവര്‍ക്ക് പലര്‍ക്കും ആദ്യം സംഗതി പിടികിട്ടിയില്ല.

ക്രൂരമായി മര്‍ദ്ദിച്ച് ബസ്സില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിക്കുന്നതിനിടെ ചോദ്യം ചെയ്യാന്‍ ശ്രമിച്ച സഹയാത്രികനെ തലയ്ക്കടിച്ച് വീഴ്ത്തി. ബാക്കിയുള്ളവരെ എല്ലാം നിരത്തില്‍ ഓടിച്ചിട്ട് തല്ലുകയായിരുന്നു’ എന്നും സച്ചിന്‍ പറയുന്നു. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ തനിക്ക് അടുത്ത ദിവസം പരീക്ഷയായിരുന്നു എന്നും അതിന് എത്താനായില്ലെന്നും സച്ചിന്‍ പറയുന്നു. ബാഗും ഹാള്‍ടിക്കറ്റും അടക്കം നഷ്ടമായെന്നും സച്ചിന്‍ പറഞ്ഞു.

മറ്റൊരു യാത്രക്കാരനായ അജയഘോഷിന്റെ വാക്കുകളിങ്ങനെ:

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസാണ്. രാത്രി 10 മണിയോടെ ബസ് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടു. കുറച്ച് കഴിഞ്ഞപ്പോഴേക്കും ഞാനൊന്ന് മയങ്ങി. പിന്നീട് കണ്ണുതുറക്കുമ്പോള്‍ ഹരിപ്പാട് ആളൊഴിഞ്ഞിടത്ത് ബസ് നിര്‍ത്തിയിട്ടിരിക്കുകയാണ്. പുറത്ത് ബഹളം കേട്ടാണ് ഞാന്‍ പുറത്തേക്ക് ചെല്ലുന്നത്. കുറച്ച് വിദ്യാര്‍ഥികള്‍ ജീവനക്കാരോട് സംസാരിക്കുന്നുണ്ട്.

കാര്യം തിരക്കിയപ്പോള്‍ ബസ് ബ്രോക്ക് ഡൗണ്‍ ആണെന്നും ഉടന്‍ പോകില്ലെന്നും വിവരം കിട്ടി. ഇത്ര രൂപ കൊടുത്ത് ടിക്കറ്റെടുത്ത യാത്രക്കാരെ പെരുവഴിയില്‍ ഇട്ടിരിക്കുന്നത് ശരിയല്ലെന്നും വേറെ ബസ് ശരിയാക്കിത്തരണമെന്നും യാത്രക്കാരെല്ലാം ആവശ്യപ്പെട്ടു. എന്നാല്‍ തൊഴിലാളികള്‍ ഇതു കേള്‍ക്കാന്‍ തയാറായില്ല. അങ്ങനെ ഞാന്‍ ബസിന്റെ ഓഫിസില്‍ വിളിച്ചു. ‘തിരുവനന്തപുരത്ത് നിന്ന് മെക്കാനിക്ക് വരും, എന്നിട്ട് നീയാെക്കെ പോയാ മതി..’ എന്നായിരുന്നു ലഭിച്ച മറുപടി.

ഇതോടെ ഞാന്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി കര്‍ശന നിലപാട് സ്വീകരിച്ചു. വേറെ ബസ് എത്തിച്ച് ഞങ്ങളെ അതിലേക്ക് മാറ്റി. ഇനി തര്‍ക്കം ഒന്നും വേണ്ടെന്ന് പറഞ്ഞാണ് പൊലീസ് ഞങ്ങളെ യാത്രയാക്കിയത്. എന്നാല്‍ ബസ് കൊച്ചിയിലെത്തിയപ്പോള്‍ 15 പേരടങ്ങുന്ന സംഘം വണ്ടിയില്‍ കയറി. എന്റെ കോളറില്‍ പിടിച്ചുനിര്‍ത്തി ചോദിച്ചു.

നീ ആണോടാ കല്ലട സുരേഷിന്റെ വണ്ടിക്കെതിരെ പൊലീസില്‍ പരാതി കൊടുത്തത്. നിനക്ക് അറിയില്ലേടാ കല്ലട സുരേഷ് ആരാണെന്ന്.. ഇങ്ങനെ ചോദിച്ച് മര്‍ദിക്കാന്‍ തുടങ്ങി. എന്നെ മര്‍ദിക്കുന്നത് കണ്ട് ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഇടപെട്ടു. 22 വയസിനടുത്ത് പ്രായം വരുന്ന ആ കുട്ടികളെ പിന്നീട് ക്രൂരമായിട്ടാണ് ഈ ഗുണ്ടകള്‍ മര്‍ദിച്ചത്. ഇതെല്ലാം ആ വീഡിയോയില്‍ കാണാം.

ജീവന് തന്നെ ഭീഷണിയാകുന്ന തരത്തില്‍ മര്‍ദനം തുടര്‍ന്നതോടെ ഞങ്ങള്‍ ബസില്‍ നിന്നിറങ്ങി. എന്നിട്ടും അവര്‍ വിട്ടില്ല. വലിച്ചിഴച്ച് പുറത്തിറക്കി തല്ലി. കുതറിയോടാന്‍ ശ്രമിച്ച എന്റെ തലയില്‍ കരിങ്കല്ല് കൊണ്ട് എറിഞ്ഞു വീഴ്ത്തി. എന്റെ തലയില്‍ ഇപ്പോഴും പരുക്കുണ്ട്. ആ കുട്ടികളോട് ചെയ്ത കൊടുംക്രൂരത കണ്ടുനില്‍ക്കാന്‍ കഴിയില്ല. കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയാണ് അവര്‍ കാണിച്ചത്. പരാതി കൊടുത്താല്‍ പോലും വേണ്ട നടപടി ഉണ്ടാകുമോ എന്ന് ഉറപ്പില്ല. കാരണം കല്ലട സുരേഷ് എന്ന വ്യക്തിയുടെ പേര് പറഞ്ഞാണ് ഈ അക്രമം.

ഈ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ലൈവ് ചെയ്ത വ്യക്തിക്കെതിരെയും ഭീഷണിയുണ്ട്. ആ കുട്ടികള്‍ പാലക്കാട് ചികില്‍സയിലാണ്. എനിക്ക് നല്ല പേടിയുണ്ട്. അവര്‍ ഞങ്ങളെ അപായപ്പെടുത്തുമോ എന്ന്. എന്റെ ബാഗും മൊബൈലും അവര്‍ പിടിച്ചുവച്ചിരിക്കുകയാണ്. ബാഗില്‍ ഒരുലക്ഷം രൂപയില്‍ കൂടുതല്‍ പണമുണ്ട്. ഇതില്‍ ദയവ് ചെയ്ത് പൊലീസ് നടപടി സ്വീകരിക്കണം. ഈ ഗതികേട് ഇനി ആര്‍ക്കും ഉണ്ടാവരുത്. കല്ലട സുരേഷിന്റെ ബസിനെതിരെ പ്രതിഷേധിക്കാന്‍ പോലും ഇവിടെ അവകാശമില്ലേ. ചോദ്യം ചെയ്താല്‍ ഇതാണ് കല്ലട സുരേഷിന്റെ ഗുണ്ടകളുടെ മറുപടി…’ അജയഘോഷ് പറയുന്നു.

കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്, മനോരമ