ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ 156 മരണം; മലയാളികള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശം

single-img
21 April 2019

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ 156 പേര്‍ മരിച്ചതായി അധികൃതര്‍. നൂറുകണക്കിനു പേര്‍ക്കു പരുക്കേറ്റു. ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കിടെ ആയിരുന്നു പള്ളികളിലെ സ്‌ഫോടനം.

രണ്ടു പള്ളികളില്‍ നിരവധി തവണ സ്‌ഫോടനം നടന്നതായി പൊലീസ് അറിയിച്ചു. പരുക്കേറ്റ വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ കൊളംബോ നാഷനല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളംബോ, ബട്ടിക്കലോവ, നെഗോമ്പോ എന്നിവിടങ്ങളിലെ പള്ളികളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രിലാ, കിങ്‌സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണു സ്‌ഫോടനമുണ്ടായത്.

ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കിടെ രാവിലെ 8.45ന് ആണു സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്നു പൊലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗോമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്, ബട്ടിക്കലോവയിലെ പള്ളി എന്നിവിടങ്ങളിലാണു സ്‌ഫോടനമുണ്ടായത്. മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനമുണ്ടായി.

സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളറിയാന്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

അതിനിടെ ഇനിയും ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ശ്രീലങ്കയിലുള്ള മലയാളികളോട് താമസസ്ഥലം വിട്ട് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശം. സ്‌ഫോടനത്തിന്റെ ഇരകളില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

എന്നാല്‍ തങ്ങളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ശ്രീലങ്കയിലെ മലയാളി സമാജം സെക്രട്ടറി സുരേന്ദ്രമേനോന്‍ വ്യക്തമാക്കി. തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ സുരക്ഷാ സേന പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Katuwapitiya Church

Posted by St. Sebastian's Church – Waga, Sri Lanka on Saturday, April 20, 2019