ഉത്തരേന്ത്യയിലെ വംശീയഹത്യയുടെ നേതാക്കളെ കേരളത്തിലെത്തിച്ച് റോഡ് ഷോ നടത്തി: വിഹരിക്കാന്‍ അനുവദിച്ചാല്‍ സ്വന്തം ശവക്കുഴി തോണ്ടുന്നതിന് തുല്യം: മുഖ്യമന്ത്രി

single-img
21 April 2019

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വംശഹത്യയുടെ വക്താവിനെയാണ് ബിജെപി കേരളത്തില്‍ റോഡ് ഷോയ്‌ക്കെത്തിച്ചതെന്നും ഇത് നാടിന് ആപത്താണെന്നും കണ്ണൂര്‍ പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പിണറായി പറഞ്ഞു.

കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്. താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് മതനിരപേക്ഷ മൂല്യങ്ങളെ തകര്‍ക്കാനാണ് അവരുടെ ശ്രമമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. വിവിധ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണെന്നും പിണറായി പറഞ്ഞു.

ശബരിമല വിഷയത്തില്‍ ആര്‍എസ്എസും ബിജെപിയും നുണ പലതവണ ആവര്‍ത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ദൈവനാമം ഉച്ഛരിച്ചതിന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിനെ ബിജെപി നേതാക്കള്‍ വക്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും പിണറായി വ്യക്തമാക്കി.

ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തെ രാജ്യത്തിനു മുന്നില്‍ അപകീര്‍ത്തിപ്പെടുത്താനാണ് മോദിയുടെയും അമിത്ഷായുടെയും ശ്രമം. കാലവര്‍ഷക്കെടുതിയുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണുണ്ടായതെന്നും പിണറായി കുറ്റപ്പെടുത്തി.