ശ്രീധരന്‍പിള്ള വിഡ്ഢിത്തം വിളമ്പുന്നുവെന്ന് ടീക്കാറാം മീണ; തന്റെ ഭാഗത്താണ് സത്യമെന്നു ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍

single-img
21 April 2019

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ വെളിപ്പെടുത്തലിനു പിന്നാലെ മറുപടിയുമായി ശ്രീധരന്‍ പിള്ള രംഗത്ത്.

മാപ്പു പറഞ്ഞെന്ന പ്രസ്താവനയിലൂടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തന്നെ ഇകഴ്ത്തിക്കാട്ടാനാണ് ശ്രമിക്കുന്നതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഏറ്റുമുട്ടാനില്ല. താനും മീണയും നിയമത്തിന് അതീതരല്ലെന്നും തന്റെ ഭാഗത്താണ് സത്യമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തില്‍ വിവാദ പരാമശങ്ങള്‍ നടത്തിയ ശ്രീധരന്‍പിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്ന് ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. ‘എന്തെങ്കിലും പറഞ്ഞിട്ട് ‘സാര്‍ തെറ്റായിപ്പോയി മാപ്പാക്കണം. കാര്യമാക്കരുത്’ എന്ന് എന്നെ വിളിച്ച് മാപ്പ് പറയും.

പക്ഷേ പുറത്ത് പോയിട്ട് മറ്റൊന്ന് പറയും. ഇവരെ എങ്ങനെ വിശ്വസിക്കും? ഞാനിനി ആവര്‍ത്തിക്കില്ലെന്ന് മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ‘ ടിക്കാറാം മീണ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെളിപ്പെടുത്തല്‍.