വടകരയില്‍ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിൽ എൽഡിഎഫ് – യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

single-img
21 April 2019

വടകര: വടകരയിൽ തെരഞ്ഞെടുപ്പ് കൊട്ടികലാശ ഭാഗമായി ഉടലെടുത്ത എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിലുള്ള സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേഖലയിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഈമാസം 23 ന് വൈകീട്ട് ആറ് മുതല്‍ 24 ന് രാത്രി 10 വരെ ജില്ലാ കളക്ടര്‍ സാംബശിവ റാവു ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ ജനങ്ങള്‍ സംഘം ചേരുകയോ കൂട്ടംകൂടുകയോ പൊതുപരിപാടികളും പ്രകടനങ്ങളും നടത്താനോ പാടില്ല.

നിരോധനാജ്ഞ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍, ഫ്‌ളെയിങ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വലന്‍സ് ടീമുകള്‍ എന്നിവര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇന്ന് നടന്ന കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും തുടർന്ന് ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. ഇരു മുന്നണികളുടെയും നേതാക്കൾ ഇടപെട്ട് ആവേശഭരിതരായ പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെ സംഘർഷം വഷളായില്ല.

ഇരുകൂട്ടർക്കുമായി മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച സ്ഥലപരിധി പ്രവർത്തകർ മറികടന്നതാണ് സംഘർഷത്തിന് കാരണമായത്. നൂറുകണക്കിന് പ്രവർത്തകർ കൊട്ടിക്കലാശത്തിനായി ഇരുഭാഗത്തേക്കും ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ്. സംഘർഷം ഉണ്ടായാൽ ഒഴിവാക്കാൻ കർശന സുരക്ഷയാണ് പോലീസും കേന്ദ്രസേനയും വടകരയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.