ചാലക്കുടിയില്‍ എഎന്‍ രാധാകൃഷ്ണന്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് സര്‍വേ

single-img
21 April 2019

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. വിവിധ കേന്ദ്രങ്ങളില്‍ വൈകിട്ടാണ് കൊട്ടിക്കലാശം. പരസ്യപ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഒപ്പത്തിനൊപ്പമെത്താനുള്ള ഓട്ടത്തിലാണ് മുന്നണികള്‍. അവസാനഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പൊതുയോഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ കളം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്.

കൊട്ടിക്കലാശ ദിനത്തില്‍ റോഡ് ഷോയോടെയാകും എല്‍.ഡി.എഫ് പ്രചരണം അവസാനിപ്പിക്കുക. വൈകിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതെങ്കിലും ഗൃഹസന്ദര്‍ശനം അടക്കുമുള്ള പ്രചരണ രീതികള്‍ക്കൊപ്പം മോദിയുടെയും അമിത്ഷായുടെയും തെരഞ്ഞെടുപ്പ് പര്യടനവും നല്‍കുന്ന ആത്മ വിശ്വാസത്തോടെയാണ് എന്‍.ഡി.എ കൊട്ടിക്കലാശത്തിന് എത്തുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്.

ഇതിനിടെ അവസാന സര്‍വേ ഫലങ്ങളും പുറത്തുവന്നപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പല മണ്ഡലങ്ങളിലും നടക്കുന്നത്. ബിജെപിയുടെ പ്രമുഖനായ നേതാവ് എഎന്‍ രാധാകൃഷ്ണന്‍ മത്സരിക്കുന്ന ചാലക്കുടി മണ്ഡലത്തില്‍ ഇത്തവണ പോരാട്ടം തീപാറുമെന്നാണ് സര്‍വേ പറയുന്നത്.

പ്രചാരണത്തിന്റെ അവസാനഘട്ടത്തിലേക്ക് വരുമ്പോള്‍ ഇന്നസെന്റിന് നേരിയ മുന്‍തൂക്കമുണ്ടാകാം എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും അങ്ങനെയല്ലെന്നാണ് സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനൊരു കാരണം ചലക്കുടിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യമാണ്.

തെക്കന്‍ കേരളത്തിലാണ് ശബരിമല വിഷയം ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്നത്. ഇന്നസെന്റിന് വോട്ട് വിഹിതം കുറയാനും, എഎന്‍ രാധാകൃഷ്ണന് വോട്ട് വിഹിതം കൂടാനും ഇത് കാരണമാകുമെന്ന് സര്‍വേ പറയുന്നു. പത്ത് ശതമാനത്തില്‍ നിന്ന് ബിജെപി കേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ ശതമാനത്തിലേക്ക് എഎന്‍ രാധാകൃഷ്ണന്‍ വോട്ട് വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട് എന്നാണ് സര്‍വേ ഫലത്തില്‍ വ്യക്തമാകുന്നത്.

ആവേശം അലയടിക്കുന്ന സ്വീകരണ കേന്ദ്രങ്ങള്‍, യുവജനങ്ങളുടെയും സ്ത്രീകളുടെയുമെല്ലാം അഭൂതപൂര്‍വമായ പങ്കാളിത്തം, പ്രവര്‍ത്തകരുടെ ചിട്ടയോടെയുള്ള പ്രവര്‍ത്തനം, സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപ്രഭാവം ഇവയെല്ലാം മറ്റു സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കി മുന്നേറാന്‍ എഎന്‍ആറിന് സാധിച്ചു.

സ്വീകരണ കേന്ദ്രങ്ങളിലെല്ലാം മുത്തുക്കുടകളും പൂക്കളുമായി ജനക്കൂട്ടം കാത്തുനിന്നു. ചിലര്‍ മണ്ഡലത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചു. പിന്തുണ വാഗ്ദാനം ചെയ്തു. മനുഷ്യ നിര്‍മിത പ്രളയം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച മണ്ഡലമാണ് ചാലക്കുടി. പ്രളയദുരിതത്തില്‍ നിന്നും ഇപ്പോഴും കരകയറാനാകാതെ ജനങ്ങള്‍ വലയുന്നു. രണ്ടാമതും ജനവിധി തേടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റും യുഡിഎഫ് സ്ഥാനാര്‍ത്ഥി ബന്നിബഹനാനും അവസാന ഘട്ട പ്രചാരണത്തില്‍ രാധാകൃഷ്ണനോട് അടുത്തെത്താന്‍ മത്സരിക്കുകയാണ്.