ശബരിമല വിഷയം ഉയർത്തിക്കാട്ടി ഇന്നത്തെ ജന്മഭൂമിയിൽ പ്രത്യേക സപ്ലിമെൻ്റ്; ജന്മഭൂമി പത്രം സൗജന്യമായി വീടുകളിൽ വിതരണം ചെയ്ത് ബിജെപി പ്രവർത്തകർ: ഗുരുതരമായ ചട്ടലംഘനമെന്നാരോപണം

single-img
20 April 2019

ശബരിമലയുടെയും അയ്യപ്പൻ്റെയും പേര് പറഞ്ഞു വോട്ട് പിടിക്കരുതെന്നുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കർശന നിർദ്ദേശം നിലനിൽക്കെ അതെല്ലാം മറികടന്ന് ജന്മഭൂമി ദിനപത്രം ഗുരുതരമായ ചട്ട ലംഘനം നടത്തുന്നതായി പരാതി.  ഇന്ന് പുറത്തിറങ്ങിയ ജന്മഭൂമി ദിനപത്രത്തിൻ്റെ പ്രത്യേക സപ്ലിമെൻറിൽ ശബരിമല വിഷയമാണ് പ്രതിപാദിച്ചിരിക്കുന്നത്. ദിനപത്രം ഇന്ന് രാവിലെ മുതൽ വോട്ടർമാരുടെ വീടുകളിൽ സൗജന്യമായി വിതരണം നടത്തുകയാണ് ബിജെപി പ്രവർത്തകർ എന്നും ആരോപണമുയർന്നിട്ടുണ്ട്.

ഭക്തജന വേട്ടയുടെ 62 ദിനരാത്രങ്ങൾ, ഇരുമുടിക്കെട്ടുമായി ഹിന്ദുത്വത്തെ വലിച്ചിഴച്ച ആ രാത്രി, മോദിയെ വിരട്ടാൻ പിണറായി വളർന്നിട്ടില്ല തുടങ്ങിയ തലക്കെട്ടുകളാണ് ജന്മഭൂമി ദിനപത്രം സപ്ലിമെൻ്റിൽ നൽകിയിരിക്കുന്നത്. ശബരിമല ഉൾപ്പെടുന്ന മതപരമായ കാര്യങ്ങളെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിച്ചെറിയുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദ്ദേശം നിലനിൽക്കെയാണ് ജന്മഭൂമി ദിനപത്രം ഇത്തരത്തിലൊരു പ്രവർത്തനവുമായി രംഗത്തെത്തിയിരിക്കുന്നത്.

മാത്രമല്ല പ്രത്യേക പതിപ്പ് ഉൾക്കൊള്ളിച്ച ജന്മഭൂമി ദിനപത്രം ഹിന്ദു ഭവനങ്ങളിൽ സൗജന്യമായി ബിജെപി പ്രവർത്തകർ വിതരണം ചെയ്യുന്നു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.