ഇന്ത്യയില്‍ നിരോധിച്ച ടിക് ടോക് ഇനി ഉപയോഗിച്ചാല്‍…

single-img
18 April 2019

ഇന്ത്യയില്‍ ടിക് ടോക് ഭാഗികമായി നിരോധിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാല്‍ ടിക് ടോക് വെബ്‌സൈറ്റും സെര്‍വറുകളില്‍ നിന്നുള്ള വീഡിയോകളും ഇന്ത്യയില്‍ ഇപ്പോഴും ലഭ്യമാണ്. ഗൂഗിള്‍, ആപ്പിള്‍ പ്ലേ സ്റ്റോറുകളില്‍ നീക്കം ചെയ്ത ടിക് ടോക് ആപ്പ് തുടര്‍ന്നും ഉപയോഗിക്കുന്നതിന് നിയമതടസ്സങ്ങളില്ല.

ഇത് സംബന്ധിച്ചു കോടതിയില്‍ നിന്നുള്ള അവസാന വിധി വന്ന ശേഷമായിരിക്കും ടിക് ടോക് പൂര്‍ണമായി നിരോധിക്കണമോ വേണ്ടയോ എന്ന തീരുമാനം വരികയെന്നാണ് കരുതുന്നത്. നിലവില്‍ ടിക് ടോക് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് വീഡിയോ നിര്‍മിക്കാനും പോസ്റ്റ് ചെയ്യാനും കഴിയും. രാജ്യത്ത് ടിക് ടോക് നിരോധിച്ചതായുള്ള ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

ഗുണനിലവാരം ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുത്തി എന്നാരോപിച്ചാണ് മദ്രാസ് ഹൈക്കോടതി ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ മാത്രം ടിക് ടോകിന് പ്രതിമാസം 12 കോടി സജീവ ഉപഭോക്താക്കളാണ് ഉള്ളത്. ടിക് ടോക് ഉടമയായ ബൈറ്റ് ഡാന്‍സ് കുറച്ചു കാലമായി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കണ്ണുവച്ചിരിക്കുകയുമായിരുന്നു.

എന്നാല്‍ നിരോധനം ടിക് ടോക് അധികൃതരെ കാര്യമായി ബാധിച്ചിരിക്കുകയാണ്. മധുര സ്വദേശിയായ അഡ്വക്കേറ്റ് മുത്തുകുമാര്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്നും അതുകൊണ്ട് ആപ്പിന് വിലക്ക് ഏര്‍പ്പെടുത്തണമെന്നുമാണ് ആവശ്യം.

ഇതേത്തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി ആപ്പിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പ് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. തുടര്‍ന്ന് കേന്ദ്രം ആപ്പിളിനും ഗൂഗിളിനും കത്തയച്ചു.