മോദിയെ കുരുക്കിലാക്കി കോണ്‍ഗ്രസ്; ‘ഇന്ത്യയിലെ ജനങ്ങള്‍ കാണാന്‍ പാടില്ലാത്ത എന്താണു പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ കൊണ്ടുപോയത്’

single-img
18 April 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയ നിരീക്ഷണ ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജ്യം കാണാന്‍ പാടില്ലാത്ത എന്താണ് മോദി ഹെലികോപ്റ്ററില്‍ വെച്ചിരിക്കുന്നതെന്ന ചോദ്യം ട്വിറ്ററില്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

‘തന്റെ ജോലി കൃത്യമായി ചെയ്ത ഒരു ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നു നിയമമുണ്ട്. പ്രധാനമന്ത്രിയുടെ വാഹനം പരിശോധിക്കുന്നതിനു വിലക്കില്ല. ഇന്ത്യ കാണാന്‍ പാടില്ലാത്ത എന്താണു മോദി ഹെലികോപ്റ്ററില്‍ കൊണ്ടുപോയത്?” കോണ്‍ഗ്രസ് ട്വീറ്റില്‍ ചോദിച്ചു. അതേസമയം, മോദി എന്തിനെയൊക്കയോ ഭയക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടിയും വിമര്‍ശിച്ചു.

ചൊവ്വാഴ്ച ഒഡീഷയിലെ സംബല്‍പുരിലെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററാണു തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ മുഹമ്മദ് മൊഹസിന്‍ പരിശോധനയ്ക്കു വിധേയമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരമല്ല നടപടിയെന്നും എസ്പിജി സുരക്ഷയുള്ളവരെ പരിശോധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കാണിച്ചാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ മൊഹസിനെതിരെ നടപടിയെടുത്തത്.