വോട്ട് ചെയ്യണമെങ്കില്‍ അവധി നീട്ടണം; മോദി പ്രധാനമന്ത്രിയാവാന്‍ യുവാവ് ഒടുവില്‍ ചെയ്തത് സിഡ്നിയിലെ ജോലി രാജി വെക്കുക എന്നത്

single-img
17 April 2019

നരേന്ദ്രമോദി വീണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ച് യുവാവ് ചെയ്ത കാര്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പെടെചര്‍ച്ചയാകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ഓസ്ട്രേലിയയിലെ സിഡ്‍നി വിമാനത്താവളത്തിലെ സ്ക്രീനി൦ഗ് ഓഫീസര്‍ ജോലിയാണ് രാജിവെച്ചുകൊണ്ട് നാല്‍പത്തിയൊന്നുകാരനായ സുധീന്ദ്ര ഹെബ്ബാര്‍ എന്ന യുവാവ് മോദിയോടും ബിജെപിയോടുമുള്ള ആരാധന പ്രകടിപ്പിച്ചത്.

ഈ മാസം അഞ്ച് മുതല്‍ 12 വരെയായിരുന്നു ഹെബ്ബാറിന് നാട്ടിലേക്ക് പോകാന്‍ അവധി ലഭിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെങ്കില്‍ അദ്ദേഹത്തിന് അവധി നീട്ടണമായിരുന്നു. പക്ഷെ കമ്പനി ഈസ്റ്റര്‍, റംസാന്‍ അവധി കാരണം എയര്‍പോര്‍ട്ടില്‍ വലിയ തിരക്കാണെന്ന് കാണിച്ച് അവധി നീട്ടി നല്‍കിയില്ല.
അപ്പോഴാണ്‌ ജോലി ഉപേക്ഷിക്കാന്‍ ഹെബ്ബാര്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മേയ് 23 വരെ ഇന്ത്യയില്‍ തുടരാനാണ് ഹെബ്ബാറിന്‍റെ ഇപ്പോഴത്തെ തീരുമാനം.

ഓസ്ട്രേലിയയില്‍ സ്ഥിരമായി താമസിക്കാന്‍ അര്‍ഹതയുള്ള വ്യക്തിയായതിനാല്‍ വേറെന്തെങ്കിലും ജോലി എളുപ്പത്തില്‍ ഹെബ്ബാറിനു ലഭിക്കും.ഓസ്ട്രേലിയന്‍ തലസ്ഥാനമായ സിഡ്‍നിയില്‍ എല്ലാവരും ഇന്ത്യയെ പുകഴ്‍ത്തുകയാണെന്നും ഇതിന് കാരണം നരേന്ദ്രമോദിയാണെന്നുമാണ് സുധീന്ദ്രയുടെ വിശ്വാസം. രാജ്യം സംരക്ഷിക്കാന്‍ അതിര്‍ത്തിയില്‍ പോകാന്‍ കഴിഞ്ഞില്ലെന്നും അതിന് പകരം ജനാധിപത്യ അവകാശം വിനിയോഗിക്കുകയാണ് താന്‍ ചെയ്യുന്നതെന്നും ഇയാള്‍ പറയുന്നു.