മുണ്ടും നേര്യതും അണിഞ്ഞ് രാഹുല്‍ തിരുനെല്ലിയില്‍; പാപനാശിനിയില്‍ പിതൃതര്‍പ്പണം

single-img
17 April 2019

തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വയനാട്ടിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പത്തേ കാലോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പിതാവ് രാജീവ് ഗാന്ധിക്കുവേണ്ടിയും സൈനികര്‍ക്കുവേണ്ടിയും ബലിതര്‍പ്പണം നടത്തി.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിലും പരിസരത്തും ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ബുധനാഴ്ച രാവിലെ കണ്ണൂരില്‍ നിന്നാണ് രാഹുല്‍ഗാന്ധി തിരുനെല്ലിയിലെത്തിയത്. തിരുനെല്ലി എസ്.എ.യു.പി. സ്‌കൂള്‍ മൈതാനത്ത് തയ്യാറാക്കിയ ഹെലിപ്പാഡില്‍ പത്തു മണിയോടെയാണ് രാഹുല്‍ഗാന്ധി ഹെലികോപ്റ്റര്‍ ഇറങ്ങിയത്.

അവിടെനിന്ന് വാഹനത്തില്‍ പഞ്ചതീര്‍ഥം വിശ്രമമന്ദിരത്തിലെത്തി. തുടര്‍ന്ന് വസ്ത്രംമാറി ക്ഷേത്രത്തിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധി, ക്ഷേത്രത്തിലെത്തി തൊഴുതു. പൂജാരി ചൊല്ലിക്കൊടുത്ത മലയാളത്തിലുള്ള പ്രാര്‍ഥന ഏറ്റുചൊല്ലുകയും ക്ഷേത്ര നടയില്‍ സാഷ്ടാംഗ പ്രണാമം നടത്തുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സി വേണുഗോപാല്‍, കെ.പി അനില്‍കുമാര്‍ തുടങ്ങിയവരുമുണ്ടായിരുന്നു.