മോദി പെരുമാറ്റചട്ടം ലംഘിച്ചു: സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

single-img
17 April 2019

പ്രധാനമന്ത്രിയുടെ ശബരിമല പരാമര്‍ശത്തിനെതിരെ സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് നരേന്ദ്രമോദിയുടെ ശ്രമമെന്ന് പരാതിയില്‍ പറയുന്നു. തേനി, മംഗളൂരു എന്നിവിടങ്ങളിലെ പ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.

കോഴിക്കോട് പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനത്തില്‍ ശബരിമലയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. അതിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിനന്ദിച്ചിരുന്നു. എന്നാല്‍ കേരളത്തിന് പുറത്ത് ശബരിമലയിലെ ആചാരസംരക്ഷണം മോദി തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും ചേര്‍ന്ന് വിശ്വാസങ്ങളെ തകര്‍ക്കുകയാണെന്ന് തമിഴ്‌നാട്ടിലും മംഗളൂരുവിലെ തിരഞ്ഞെടുപ്പ് യോഗത്തിലും മോദി കുറ്റപ്പെടുത്തിയിരുന്നു.

ആരാധനാലയങ്ങളോ മതമോ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന പെരുമാറ്റചട്ടം മോദി ലംഘിച്ചുവെന്നും നടപടിയെടുക്കണമെന്നുമാണ് സിപിഎമ്മിന്റെ ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സിപിഎം പരാതി കൈമാറിയിട്ടുണ്ട്.