ശബരിമല കര്‍മ്മസമിതി തിരുവനന്തപുരത്ത് സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മാറ്റി

single-img
17 April 2019

ശബരിമല കര്‍മ്മസമിതി തിരുവനന്തപുരത്തു സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു തുടങ്ങി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കര്‍മ്മസമിതി നടത്തിയ പ്രക്ഷോഭങ്ങളുടെ പേരില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്യുന്നത്.

തിരുവനന്തപുരം നഗരത്തില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ രാത്രിയിലാണ് നീക്കം ചെയ്തത്. കവടിയാര്‍ അമ്പലമുക്കിലെ ഫ്‌ളക്‌സ് നീക്കാന്‍ എത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞത് നേരിയ തോതില്‍ വാക്ക് തര്‍ക്കത്തിന് ഇടയാക്കി.

തുടര്‍ന്ന് പോലീസ് എത്തി പ്രവര്‍ത്തകരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയതോടെ ഉദ്യോഗസ്ഥര്‍ ഫ്‌ളക്‌സ് നീക്കം ചെയ്തു. അതേസമയം, ബോര്‍ഡുകളില്‍ പെരുമാറ്റ ചട്ടത്തിനു വിരുദ്ധമായി ഒന്നും എഴുതിയിട്ടില്ലെന്നാണ് കര്‍മ്മസമിതി നേതാക്കള്‍ പറയുന്നത്.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇതു പരിശോധിക്കാമെന്ന് ഉറപ്പു നല്‍കിയതാണെന്നും കര്‍മ്മസമിതി നേതാക്കള്‍ പറയുന്നു. ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യുന്നതു സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനം എടുക്കാമെന്ന് നേരത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കായിരുന്നു