വിജയേട്ടനോട് ഗുസ്തി പിടിച്ച് എഎം ആരിഫിനും മുകേഷിനും സീറ്റ് തരപ്പെടുത്തി കൊടുത്തത് താനാണെന്നു സുരേഷ് ഗോപി

single-img
17 April 2019

സിപിഎം എംഎല്‍എമാരായ എഎം ആരിഫിനും മുകേഷിനും സീറ്റ് തരപ്പെടുത്തി കൊടുത്തത് താനാണെന്നു തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. മാതൃഭൂമി ഡോട് കോമിനു നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. ആരിഫിന് സീറ്റി വാങ്ങിക്കൊടുത്ത കഥ ഇപ്രകാരമാണ് അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്;

‘പത്മജ വേണുഗോപാലിന്റെ മകള്‍ ഐശ്വര്യയുടെ കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷം വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ നടക്കുമ്പോള്‍ ക്ഷണിച്ചതിന്‍ പ്രകാരം താന്‍ അവിടെ പോയിരുന്നു. കേക്ക് കട്ടിംഗ് കഴിഞ്ഞ് രാത്രിയാണ് അവിടെ എത്തിയത്. ചെന്നപ്പോള്‍ പത്മജ ചേച്ചി പറഞ്ഞു സുരേഷിനെ അച്ഛന്‍ കാത്തിരിപ്പുണ്ടെന്ന്.

അതനുസരിച്ച് ലീഡറെ മുറിയില്‍ പോയി കണ്ടു. അതിനു മുമ്പായി ആര്‍ എസ് ബാബു എന്റെടുത്ത് വന്നു പറഞ്ഞിരുന്നു വിജയേട്ടന്(പിണറായി വിജയന്‍) സംസാരിക്കണമെന്നു പറഞ്ഞിട്ടുണ്ടെന്ന്. ലീഡറെ കണ്ടിട്ട് വരാമെന്നു ഞാന്‍ മറുപടിയും പറഞ്ഞു. ലീഡറെ കണ്ടപ്പോള്‍ എപ്പോഴുമെന്നപോലെ എന്തായി, തീരുമാനം വല്ലതുമായോ എന്നു ചോദിച്ചു.

ഇല്ല ലീഡറെ ഞാനിങ്ങനെ പോയ്‌ക്കോട്ടെ, എനിക്ക് എല്ലാവരും വേണമെന്ന മറുപടി നല്‍കി. ലീഡറെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് വിജയേട്ടനെ കാണാന്‍ പോയത്. ലീഡര്‍ മൂന്നാമത്തെ നിലയിലും വിജയേട്ടന്‍ അഞ്ചാമത്തെ നിലയിലുമായിരുന്നു. ഇലക്ഷനൊക്കെ വരികയാണ് ഇനി കഷ്ടിച്ച് രണ്ടു രണ്ടര മാസമേയുള്ളൂ, എങ്ങനെയാ കാര്യങ്ങള്‍ എന്നായിരുന്നു വിജയേട്ടന്‍ ചോദിച്ചത്.

അപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് അങ്ങനെ ഒരു മോഹമില്ല. എനിക്കത് ഇഷ്ടമുള്ള കാര്യവുമല്ല. അതുകൊണ്ട്…എനിക്ക് ഒരു സീറ്റ് വേണം അതു തരുമോ? അതാര്‍ക്കാ എന്ന് വിജയേട്ടന്‍. ഞാന്‍ പറഞ്ഞു, അത് എന്റെ വളരെ ഒരു വളരെ വേണ്ടപ്പെട്ടയാളിനാണ്. ആരിഫിനാണ്. ആരിഫിനെപ്പറ്റി ഒന്നു രണ്ടു സംശയങ്ങള്‍ അദ്ദേഹം ഉന്നയിച്ചു. ഞാനത് ക്ലിയര്‍ ചെയ്തു.

അവിടെ നാല് വിമതന്മാരുണ്ട്. ആരിഫിനെ ഇട്ടാല്‍ എങ്ങനാ എന്ന് അദ്ദേഹം ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു ഒന്നും ഉണ്ടാകില്ല. വിജയേട്ടന്‍ അയാളെ അങ്ങ് തീരുമാനിച്ചു പറഞ്ഞാല്‍ മതി. ഗൗരിയമ്മയുമായിട്ടാണ് ഫൈറ്റിംഗ് എന്നു വിജയേട്ടന്‍. അപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് വിശ്വാസമുണ്ട് നല്ല ചെറുപ്പക്കാരനാണ്, അയാള്‍ വരട്ടെ, അയാളെന്നും ഇങ്ങനെ പാര്‍ട്ടിയുടെ കാര്യവും നോക്കി അയാളുടെ നല്ല പ്രായം കളഞ്ഞാ മതിയോ എന്ന്.

ശരി ഞാന്‍ ആലോചിച്ച് പറയാമെന്നു പറഞ്ഞിട്ട് പിന്നെ രണ്ടു ദിവസം കഴിഞ്ഞ് എന്നെ വിളിച്ച് പറഞ്ഞു. ഞാന്‍ അതു കൊടുക്കുകയാ കേട്ടോ. ജയിപ്പിച്ച് എടുത്തോളണം’. ഇക്കാര്യം ആരിഫിന് അറിയാമെന്നാണ് സുരേഷ് ഗോപി പറയുന്നത്.

ഇനി മുകേഷിന് സീറ്റ് ശരിയാക്കിയതിനെ കുറിച്ച് പറയുന്നത്;

എനിക്ക് ഇരവിപുരത്ത് മുകേഷ് വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്റെ നാടാണ് അത്. അതിന് വേണ്ടി വിജയേട്ടനുമായി ഞാന്‍ മുട്ടന്‍ ഗുസ്തി പിടിച്ചതാണ്. അവസാനം എന്റെ അടുത്തു പറഞ്ഞു. ആളില്ല, നമുക്ക് കൊല്ലം ശ്രമിക്കാം എന്ന്. വിജയേട്ടനുമായി ഇത്രയും കാര്യങ്ങള്‍ സംസാരിച്ച ശേഷം എന്നെ രാജ്യസഭയിലെടുത്തു. പിന്നെ ഇവരുമായിട്ടൊന്നുമുള്ള കോണ്‍ടാക്ടും പറ്റത്തില്ലല്ലോ. ഇത് ഞാന്‍ നിഷ്പക്ഷമതിയായി തന്നെ പറഞ്ഞതാണ്.

മുസ്ലിം ലീഗ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനം പിന്‍വലിപ്പിക്കാന്‍ താന്‍ നടത്തിയ ശ്രമം വിജയം കണ്ടതായും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറയുന്നുണ്ട്. കോണ്‍ഗ്രസിനു വേണ്ടി നല്ലത് പലതും ചെയ്തിട്ടും ഉമ്മന്‍ ചാണ്ടിയുടെ ആള്‍ക്കാര്‍ തന്റെ കോലം കത്തിച്ചെന്നും അന്ന് പരിഭവം പറഞ്ഞ് താന്‍ വിളിച്ചവര്‍ പോലും കൈമലര്‍ത്തി കാണിക്കുകയാണ് ചെയ്തതെന്നും അന്നു മുതലാണ് തനിക്ക് രാഷ്ട്രീയം വേണമെന്നു തോന്നിയതും രാഷ്ട്രീയത്തിലേക്ക് താന്‍ ഇറങ്ങിയതിന്റെ പശ്ചാത്തലം അതാണെന്നും സുരേഷ് ഗോപി പറയുന്നുണ്ട്.