തിയേറ്ററിനുള്ളില്‍ മധുരരാജ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച 14കാരനെ പിടികൂടി

single-img
16 April 2019

മമ്മൂട്ടിയുടെഏറ്റവും പുതിയ ഹിറ്റ് ചിത്രം മധുര രാജ തിയേറ്ററുകളിൽ നിറഞ്ഞു പ്രദർശനം തുടരവേ ചിത്രം മൊബൈലിൽ പകർത്താൻ ശ്രമിച്ച പതിനാലുകാരൻ പിടിക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലുള്ള തിയേറ്ററിനുള്ളില്‍ വെച്ച് ചിത്രം പകര്‍ത്താന്‍ ശ്രമിക്കവെയാണ് 14കാരനെ പിടികൂടിയത്. സിനിമയുടെ 50 മിനിറ്റോളം പ്രതി ഈ സമയത്ത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു.

തിയേറ്ററില്‍ ഉണ്ടായിരുന്ന മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് പ്രതി ചിത്രം പകര്‍ത്തുന്നത് കണ്ടെത്തിയത്. ഇവര്‍ ഉടന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. മുന്‍പേ തന്നെ ചിത്രത്തിലെ രംഗങ്ങള്‍ പകര്‍ത്തരുതെന്ന് മധുരരാജയുടെ അണിയറ പ്രവര്‍ത്തകര്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു.

തിയേറ്ററുകളില്‍ നിന്നായി ആളുകള്‍ സിനിമയിലെ പ്രധാനപെട്ട രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലും, വാട്‌സ്ആപ് സ്റ്റാറ്റസ് വഴി പ്രചരിപ്പിക്കുന്നത് ഇപ്പോള്‍ നിത്യ സംഭവങ്ങളാണ്. ഇങ്ങിനെ ചെയ്യുന്നത് സിനിമ കാണാനിരിക്കുന്ന മറ്റ് സിനിമ പ്രേമികളുടെ ആസ്വാദനത്തെ ബാധിക്കുമെന്നും, ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് മനസ്സിലാക്കി അത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും,ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.