വിഷു ദിവസം കണ്ണ് തുറക്കാതെ കുളിച്ചു, ക്ഷേത്രത്തിലെത്തും വരെ കണ്ണുതുറന്നില്ലെന്ന് സുരേഷ് ഗോപി

single-img
15 April 2019

വീട്ടിൽ വിഷുക്കണിവച്ച് രാവിലെ കണ്ണ് പൊത്തി പോയി കണി കാണുന്നതാണ് തന്‍റെ ശീലമെന്ന് തൃശ്ശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. പക്ഷേ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം ആയതുകൊണ്ട് വീട്ടിൽ കണി ഒരുക്കി കാണാനായില്ല.

അതുകൊണ്ട് രാവിലെ എഴുന്നേറ്റ് കുളിയും പ്രഭാതകർമ്മങ്ങളുമെല്ലാം നടത്തിയത് കണ്ണ് തുറക്കാതെ ആണെന്ന് സുരേഷ് ഗോപി പറഞ്ഞു. നഗരത്തിലെ ഹോട്ടലിൽ നിന്ന് അമ്പലത്തിൽ എത്തുംവരെ താൻ കണ്ണുതുറന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവാമ്പാടി ഉണ്ണിക്കണ്ണനെ കണ്ടാണ് താൻ കണ്ണ് തുറന്നതെന്ന് പറയുന്നു.

കേരളത്തിനുവേണ്ടി താൻ തന്‍റെ ‘ഹൃദയക്കണ്ണ്’ സമർപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിലെ ബിജെപി പ്രവർത്തകർ വലിയ മുന്നേറ്റം ഉണ്ടായിക്കിയിട്ടുണ്ടെന്ന് സ്ഥാനാർത്ഥി അവകാശപ്പെടുന്നു. ഈ ഊർജ്ജം വർദ്ധിച്ചു വർദ്ധിച്ച് ഒരു നല്ല ക്ലൈമാക്സിലേക്ക് എത്തുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു.

അതിനിടെ, സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്തെത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഗ്രഹം വാങ്ങാനാണ് എൻഎസ്എസ് ആസ്ഥാനത്തെത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി മുപ്പത്തഞ്ച് മിനിറ്റോളം സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി. 

സുകുമാരൻ നായരുടെ അനുഗ്രഹമുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം സുരേഷ് ഗോപി പ്രതികരിച്ചു. അനുഗ്രഹം വാങ്ങാനെത്തുന്നത് തന്‍റെ കടമയാണെന്നും സുരേഷ് ഗോപി പറഞ്ഞു. സമദൂര നിലപാടാണെന്ന് നേരത്തെ എൻഎസ്എസ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2015ൽ ഇറക്കി വിട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘അങ്ങനെ എത്രയെത്ര എപ്പിസോഡുകൾ ‘ജീവിതത്തിലുണ്ടാകാറുണ്ട്. അച്ഛനും അമ്മയുമില്ലാത്ത തനിക്ക് അനുഗ്രമാണ് ജി സുകുമാരൻ നായരെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. 

മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി തൊഴാൻ അഞ്ച് മിനിറ്റോളം കാത്ത് നിന്നെങ്കിലും അതിനുള്ള സമയമല്ലാത്തതിനാൽ അനുമതി കിട്ടാത്തതുകൊണ്ട് സുരേഷ് ഗോപി മടങ്ങി . കോട്ടയത്തെ എൻ ഡി എ സ്ഥാനാർത്ഥി പി സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോട്ടയം എസ് ബി കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിലാണ് സുരേഷ് ഗോപി എത്തിയത്.

കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്