വേനൽ ചൂടിനിടെ ആശ്വാസ വാര്‍ത്ത

single-img
15 April 2019

മൺസൂൺ ഈ വർഷം കുറയില്ലെന്ന ഉറപ്പുമായി കാലാവസ്ഥാ വകുപ്പിന്റെ ആദ്യ പ്രവചനം പുറത്ത്. ദീർഘകാല ശരാശരിയുടെ 96% മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ഇത് 5% കൂടുകയോ കുറയുകയോ ചെയ്യാം. 

ന്യൂഡൽഹി ലോധി റോഡിലെ കാലാവസ്ഥാ കേന്ദ്രത്തിന്റെ ആസ്ഥാന മന്ദിരത്തിൽ നടത്തിയ വാർത്താസസമ്മേളനത്തിൽ ഇന്ത്യ മെറ്റീരിയോളജിക്കൽ സെന്റർ (ഐഎംഡി) ഡയറക്ടർ ജനറൽ ഡോ.കെ. ജെ. രമേശാണ് ഈ പ്രഖ്യാപനം നടത്തിയത്.

പസഫിക്‌  സമുദ്രത്തിൽ രൂപപ്പെടുന്ന എൽനിനോ പ്രതിഭാസത്തിനു ശക്തി കുറവായിരിക്കും. എൽനിനോ ശക്തിപ്പെട്ടാൽ വരൾച്ച കൂടാനിടയുണ്ട്. എന്നാൽ കേരളത്തെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ. ജൂൺ തുടങ്ങുന്നതോടെ എൽനിനോയെപ്പറ്റി കൂടുതൽ കാര്യങ്ങൾ വ്യക്തമാകും.

ദീർഘകാല ശരാശരിക്ക് അടുത്ത മഴ ലഭിക്കുമെന്നാണു നിഗമനം. കഴിഞ്ഞ 50 വർഷമായി രാജ്യത്തു ലഭിക്കുന്ന കാലവർഷത്തിന്റെ ദീർഘകാല ശരാശരി ഏകദേശം 89 സെന്റീമീറ്ററാണ്. ജൂൺ ഒന്നിന് കേരളത്തിലെത്തുന്ന കാലവർഷം സെപ്റ്റംബർ 30 വരെയുള്ള 4 മാസമാണ് പെയ്യുന്നത്. തമിഴ്നാട് ഒഴികെ എല്ലാ സംസ്ഥാനങ്ങളെയും കാലവർഷം അതിന്റെ കുടക്കീഴിലാക്കും.

രാജ്യത്തെ വിവിധ കാലാവസ്ഥാ മേഖല തിരിച്ചുള്ള മഴയുടെ ഏറ്റക്കുറച്ചിലുകൾ സംബന്ധിച്ച് ജൂൺ ആദ്യം ഐഎംഡി പ്രവചനം നടത്തും. മഴ തുടങ്ങുന്ന തീയതി സംബന്ധിച്ച പ്രഖ്യാപനം മേയ് മൂന്നാം വാരമാണു പുറത്തിറക്കുക. തിരഞ്ഞെടുപ്പുകാലമായതിനാൽ രാജ്യത്തു വരാൻ പോകുന്ന അടുത്ത സർക്കാരിനെ സംബന്ധിച്ചും ഈ പ്രവചനങ്ങൾ നിർണായകമാണ്. മഴ കുറഞ്ഞാൽ കൃഷിയെയും സമ്പദ്‌വ്യവസ്ഥയെയും അതു ബാധിക്കും. സർക്കാരിന്റെ വരുമാനത്തെയും ആകെ ആഭ്യന്തര ഉത്പാപദനത്തെയും തളർത്തും.