‘കുളിക്കാന്‍ പറഞ്ഞാല്‍ പെര്‍ഫ്യൂം അടിക്കും’; യുവതി വിവാഹമോചനം തേടി കോടതിയില്‍

single-img
14 April 2019

കുളിക്കാനോ താടിവടിക്കാനോ തയ്യാറാകാത്ത ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയില്‍. മദ്ധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശി 23കാരിയാണ് വിചിത്രമായ കാരണവുമായി കുടുംബകോടതിയില്‍ എത്തിയത്.

കഴിഞ്ഞവര്‍ഷം വിവാഹിതരായ ഇരുവരും ഉഭയകക്ഷി സമ്മതപ്രകാരമാണ് വിവാഹമോചനത്തിന് അപേക്ഷിച്ചത്. എട്ടുദിവസത്തോളം ഭര്‍ത്താവ് തുടര്‍ച്ചയായി കുളിക്കാത്തതിനെ തുടര്‍ന്നാണ് വിവാഹമോചനം വേണമെന്ന് യുവതി ആവശ്യപ്പെട്ടത്. ഭര്‍ത്താവ് സ്ഥിരമായി താടി വടിക്കാറോ, കുളിക്കാറോ ഇല്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. കൂടാതെ കുളിക്കാന്‍ ആവശ്യപ്പെട്ടാല്‍ പെര്‍ഫ്യും അടിക്കാറാണ് പതിവ് .

വിവാഹബന്ധം ഉപേക്ഷിക്കരുതെന്ന് പെണ്‍കുട്ടിയോട് മാതാപിതാക്കള്‍ പറഞ്ഞെങ്കിലും അവര്‍ അതുകേള്‍ക്കാതെയാണ് വിവാഹമോചനത്തിന് അപേക്ഷിച്ചത്.

2016ല്‍ ഉത്തര്‍പ്രദേശിലെ മീറത്തുകാരനും സമാനമായ ഒരു പരാതിയുമായി കോടതിയെ സമീപിച്ചിരുന്നു. താടി വടിക്കാന്‍ ഭാര്യ തന്നെ നിര്‍ബന്ധിക്കുകയാണെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതായും കാട്ടിയായിരുന്നു യുവാവിന്റെ പരാതി.