”കഴിഞ്ഞ നാലരവര്‍ഷമായി മോദി ജനങ്ങളെ വിഡ്ഢിയാക്കുകയാണ്; എല്ലാ തെരഞ്ഞെടുപ്പു റാലികളിലും അദ്ദേഹം അപ്രധാന വിഷയങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്”

single-img
13 April 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായേയും രാജ്യത്തില്‍ നിന്ന് പുറത്താക്കേണ്ടത് അത്യാവശ്യമാണെന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന മേധാവി രാജ് താക്കറെ. നന്ദഡില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാറിന്റെ പരാജയത്തിന് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്ന മോദിയെ താക്കറെ വിമര്‍ശിക്കുകയും ചെയ്തു.

‘കഴിഞ്ഞ നാലരവര്‍ഷമായി മോദി ജനങ്ങളെ വിഡ്ഢിയാക്കുകയാണ്. എല്ലാ തെരഞ്ഞെടുപ്പു റാലികളിലും അദ്ദേഹം അപ്രധാന വിഷയങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ദിരാഗാന്ധിയേയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും കുറ്റം പറയുകയാണ്. വര്‍ധിച്ചുവരുന്ന തൊഴിലില്ലായേയും കര്‍ഷക പ്രശ്‌നങ്ങളേയും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളേയും കുറിച്ച് അദ്ദേഹം ഒന്നും പറയുന്നില്ല.

നെഹ്‌റുവിനേയും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയേയും സ്ഥിരം കുറ്റപ്പെടുത്തുകയും അതേസമയം അവരെ അനുകരിക്കുകയുമാണ് മോദി ചെയ്യുന്നതെന്നും താക്കറേ ആരോപിച്ചു. മോദി ഉപയോഗിച്ച പ്രധാന്‍സേവക് എന്ന വാക്ക് പ്രധാനമന്ത്രിയായ വേളയില്‍ നെഹ്‌റു ഉപയോഗിച്ചതായിരുന്നെന്നും താക്കറേ ചൂണ്ടിക്കാട്ടി.