തിരുവനന്തപുരത്തെ കാര്യങ്ങള്‍ അത്ര പന്തിയല്ല; പ്രചാരണത്തിനാളില്ലെന്ന് ശശിതരൂര്‍; ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷം; വി.എസ്.ശിവകുമാര്‍ ഡിജിപിക്ക് പരാതി നല്‍കി; ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

single-img
11 April 2019
NEW DELHI, INDIA – JULY 25: Senior Congress leader Shashi Tharoor during the Monsoon session of Parliament at Parliament House on July 25, 2018 in New Delhi, India. (Photo by Vipin Kumar/Hindustan Times via Getty Images)

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവസാന ലാപ്പിലേക്ക് കടക്കവേ തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു. മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ഡി.സി.സി സെക്രട്ടറിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു പിന്നാലെ, തന്നെ സമൂഹമാധ്യമങ്ങളില്‍ ആക്ഷേപിക്കുന്നെന്നു ചൂണ്ടികാട്ടി വി.എസ്.ശിവകുമാര്‍ ഡി.ജി.പി ക്ക് പരാതി നല്‍കി.

തമ്പാനൂര്‍ രവിയും വി.എസ്.ശിവകുമാറും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന ആരോപണമുയര്‍ത്തി ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു. പ്രചാരണത്തിനാളില്ലെന്ന ശശിതരൂരിന്റെ പരാതിക്ക് പിന്നാലെയാണ് നേതാക്കളുടെ പടലപിണക്കങ്ങള്‍ മറനീക്കി പുറത്തു വന്നത്.

മുതിര്‍ന്ന നേതാവിന്റെ അനുയായികള്‍ പ്രചാരണത്തില്‍നിന്ന് മുങ്ങുന്നെന്ന ആക്ഷേപവും ശക്തമാണ്. ഇതിന് ശക്തിപകരും വിധം പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒളിച്ചോടുന്നവര്‍ക്കെതിരെ പരാതികൊടുക്കുമെന്ന് ജില്ല കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റിട്ടു.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പോസ്റ്റിട്ട ജനറല്‍ സെക്രട്ടറിയെ പരാതിക്ക് ഇട നല്‍കിയ മണ്ഡലത്തിന്റെ ചുമതലയില്‍നിന്ന് മാറ്റി. പ്രാദേശിക നേതാക്കളുടെ ഈഗോ പ്രശ്‌നമെന്ന് പറഞ്ഞ് ജില്ല കോണ്‍ഗ്രസ് നേതൃത്വം വിഷയം തള്ളുമ്പോഴും സംസ്ഥാന നേതൃത്വം ഗൗരവമായാണ് ആക്ഷേപങ്ങളെ കാണുന്നത്.

തെരഞ്ഞെടുപ്പിന് 13 ദിവസം മാത്രം ശേഷിക്കേയാണ് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം. ഹാട്രിക് ലക്ഷ്യത്തോടെ കളത്തിലിറങ്ങിയ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍, എല്‍.ഡി.എഫിന്റെ. സി. ദിവാകരന്‍, ബി.ജെ.പിയുടെ കുമ്മനം രാജശേഖരന്‍ എന്നിവരില്‍നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്.

കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാം സ്ഥാനെത്തത്തിയ മണ്ഡലത്തിലെ നാല് നിയമസഭ മണ്ഡലങ്ങളിലും അവര്‍ ലീഡ് നേടിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് അക്കൗണ്ടും തുറന്നു. ഈ വെല്ലുവിളിയെയും ഇടതു മുന്നണിയുടെ ശക്തമായ പ്രചാരണത്തെയും ഒരുപോലെ മറികടക്കുക എന്ന ലക്ഷ്യമാണ് യു.ഡി.എഫിന് മുന്നില്‍. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി അടിസ്ഥാനരഹിതമെന്നു ഡി.സി.സി പ്രസിഡന്റ് പറഞ്ഞു

ഇതിനിടയിലാണ് സമൂഹമാധ്യമങ്ങളില്‍ തന്റെ പേരില്‍ തെറ്റായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നെന്നും, ഇവരുടെ പേരില്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എം.എല്‍.എയും പ്രചാരണസമിതി അധ്യക്ഷനുമായ വി.എസ്.ശിവകുമാര്‍ ലോക്‌നാഥ് ബഹ്‌റക്ക് പരാതി നല്‍കിയത്.

അതിനിടെ ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറിയും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ കല്ലിയൂര്‍ മുരളി ബിജെപി യില്‍ ചേര്‍ന്നു. അതേസമയം ബിജെപി മണ്ഢലത്തിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. കുമ്മനത്തിനു പിന്തുണയുമായി ശബരിമല കര്‍മ സമിതി പ്രവര്‍ത്തകരും മണ്ഢലത്തില്‍ സജീവമായി.