എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടോ..? മോദിയോട് ആവര്‍ത്തിച്ച് രാഹുല്‍

single-img
11 April 2019

റഫാല്‍ ഇടപാടില്‍ പരസ്യ ചര്‍ച്ചയ്ക്ക് വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. തന്റെ ചോദ്യങ്ങള്‍ക്ക് നരേന്ദ്ര മോദി ഉത്തരം പറയണം. എന്തിന് മുപ്പതിനായിരം കോടി അനില്‍ അംബാനിക്ക് നല്‍കിയതെന്ന് വിശദീകരിച്ചാല്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന് മനസിലാകും. സംവാദത്തിന് പ്രധാനമന്ത്രിയുടെ വസതിയില്‍ വരാനും തയാറാണെന്നും രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ പറഞ്ഞു.

അതിനിടെ, രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി എസ്പിജി. അമേഠിയില്‍ രാഹുല്‍ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ മുഖത്ത് തെളിഞ്ഞ വെളിച്ചം മൊബൈല്‍ ഫോണില്‍ നിന്നുള്ളതാണെന്നാണ് എസ്പിജിയുടെ കണ്ടെത്തല്‍. ഇക്കാര്യം എസ്പിജി ഡയറക്ടര്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.

എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണില്‍ നിന്നുള്ള വെളിച്ചമാണ് രാഹുലിന്റെ മുഖത്ത് പതിഞ്ഞതെന്നാണ് എസ്പിജിയുടെ പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. എന്നാല്‍ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ബുധനാഴ്ച ഏഴ് തവണയാണ് രാഹുലിന്റെ മുഖത്ത് ലേസര്‍ വെളിച്ചം പതിഞ്ഞത്. ഇതിന് പിന്നാലെ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് തോക്കില്‍ നിന്നുള്ള വെളിച്ചമാണെന്ന നിഗമനത്തിലെത്തിയത്. ഇതോടെ കോണ്‍ഗ്രസ് ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതോടെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് എസ്പിജി ഡയറക്ടറോട് വിശദീകരണം തേടി.