ബിജെപി സര്‍ക്കാര്‍ തകര്‍ത്തത് കര്‍ഷകരുടെ അഞ്ച് വര്‍ഷം; ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്ന കുറിപ്പെഴുതി കർഷകൻ ആത്മഹത്യ ചെയ്തു

single-img
10 April 2019

ഡെറാഡൂണ്‍: തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് കുറിപ്പെഴുതി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഹരിദ്വാറിലെ 65-കാരനായ ഈശ്വര്‍ ചന്ദാണ് വിഷം കുടിച്ച്‌ മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. വിഷം കഴിച്ചത് അറിഞ്ഞപ്പോള്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു.

‘രാജ്യത്തെ കര്‍ഷകരുടെ അഞ്ച് വര്‍ഷമാണ് ബിജെപി സര്‍ക്കാര്‍ തകര്‍ത്തത്, ബിജെപിക്ക് വോട്ട് ചെയ്താല്‍ അവര്‍ എല്ലാവരേയും ചായ വില്‍പ്പനക്കാരാക്കുമെന്ന് ഇയാളുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഈ കുറിപ്പിന്‍റെ സത്യാവസ്ഥ പരിശോധിച്ച്‌ വരികയാണെന്ന് പോലീസ് അറിയിച്ചു.

ഒരു മധ്യസ്ഥന്റെ സഹായത്തോടെ ഈശ്വര്‍ ചന്ദ് ബാങ്കില്‍ നിന്നും 5 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പകരമായി ബാങ്കില്‍ ജാമ്യം നിന്ന സുഹൃത്തിന് ഇയാള്‍ ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു നല്‍കി. ഈ ചെക്ക് ഉപയോഗിച്ച്‌ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുമെന്ന് കര്‍ഷകനെ ഭീഷണിപ്പെടുത്തിയ സുഹൃത്ത് ഒത്തുതീര്‍പ്പിനായി 4 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതോടുകൂടി സമ്മര്‍ദ്ദത്തിലായ കര്‍ഷകന്‍ കുറിപ്പെഴുതി വച്ച്‌ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

എന്നാല്‍,കര്‍ഷകന്‍റെ ആത്മഹത്യയില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 17 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ബിജെപി പുറത്തുവിട്ട പ്രകടനപത്രികയില്‍ കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് പാലിക്കാത്ത ബിജെപിയുടെ തെറ്റായ പദ്ധതികള്‍ കൊണ്ടാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.