രാഷ്ട്രീയത്തിലെ ചാണക്യനായിരുന്നു കെഎം മാണി എന്ന് വി.എസ്

single-img
10 April 2019

കഴിഞ്ഞ ദിവസം അന്തരിച്ച കേരള രാഷ്ട്രീയത്തിലെ അതികായനായ കെ.എം.മാണിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സി.പി.എം നേതാവ് വി.എസ്. അച്യുതാന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാഷ്ടീയത്തിലെ ചാണക്യനായിരുന്നു മാണി എന്ന വിശേഷണം ശരിയായിരുന്നു എന്ന് വിലയിരുത്തുന്ന വി.എസ്, മാണിയുടെ മരണശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടിയിലും യു.ഡി.എഫിലും ഇനി ഉണ്ടാവാന്‍ പോകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും കുറിക്കുന്നു. അതേസമയം മാണിക്കെതിരെ ബാര്‍ കോഴക്കേസില്‍ താന്‍ കോടതിയില്‍ സ്വീകരിച്ച നിയമ നടപടികളെ കുറിച്ചും വി.എസ് ഓര്‍മ്മിപ്പിക്കുന്നുണ്ട്. മാണിയുടെ മരണത്തോടെ ആ കേസിനു ഇനി പ്രസക്തിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ അര നൂറ്റാണ്ട് കാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ശ്രീ. കെ.എം. മാണി നമ്മെ വിട്ടുപോയിരിക്കുന്നു. കേരളാ കോണ്‍ഗ്രസ്സിലും യുഡിഎഫിലും ആ വിടവുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചല്ല, ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്.

തെറ്റായാലും ശരിയായാലും, ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഒരു നയവും പരിപാടിയും വേണമെന്ന് വിശ്വസിച്ച ആളായിരുന്നു, മാണി. കോണ്‍ഗ്രസ്സിനു പോലും മുന്നോട്ടുവെക്കാനില്ലാത്ത ഒരു നയവും പരിപാടിയും മുന്നോട്ടുവെക്കാന്‍ വെറുമൊരു പ്രാദേശിക പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ്സിന് കഴിഞ്ഞുവെങ്കില്‍ അതിന്റെ പിന്നിലെ ബൗദ്ധിക ശക്തി കെഎം മാണിയായിരുന്നു.

പാര്‍ലമെണ്ടറി രാഷ്ട്രീയത്തിലെ ചാണക്യനായിരുന്നു മാണി എന്നു വിശേഷിപ്പിച്ചാല്‍ അത് അതിശയോക്തിയാവില്ല. ദീര്‍ഘകാലം ജനപ്രതിനിധിയായും മന്ത്രിയായും സ്വന്തം പേരിലുള്ള തന്റെ പാര്‍ട്ടിയുടെ എക്കാലത്തേയും തലവനായും രാഷ്ട്രീയ സമ്മര്‍ദ്ദ ശക്തിയായും നിലനില്‍ക്കാന്‍ മറ്റൊരു രാഷ്ട്രീയ നേതാവിനും കഴിഞ്ഞിട്ടില്ല എന്നുതന്നെ പറയാം.

മാണിയെ കാമിക്കാത്ത മുന്നണികളുണ്ടായിട്ടില്ല എന്ന് നമുക്കറിയാം. എല്ലാവരും കാമിക്കുന്ന സുന്ദരി എന്നാണ് ആ ഘട്ടങ്ങളില്‍ മാണി തന്റെ പാര്‍ട്ടിയെ വിശേഷിപ്പിച്ചത്. നയങ്ങള്‍ക്കും പരിപാടികള്‍ക്കും അപ്പുറത്ത് എതിര്‍ ചേരിയിലുള്ള നേതാക്കളുമായി വ്യക്തി സൗഹൃദം പുലര്‍ത്താന്‍ മാണി എന്നും ശ്രദ്ധിച്ചിരുന്നു. അപ്പോഴും, എതിര്‍പ്പുകളും ആരോപണങ്ങളും മാണിയെ പിന്തുടര്‍ന്നിരുന്നു.

ഞാന്‍തന്നെ മാണിക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിരുന്നു. ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ തുടരന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ അനുമതി വൈകിയതിനെത്തുടര്‍ന്നാണ് ഞാന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ മെരിറ്റിലേക്കൊന്നും ഈ ഘട്ടത്തില്‍ ഞാന്‍ കടക്കുന്നില്ല. മാത്രവുമല്ല, കേരള രാഷ്ട്രീയത്തിലെ ആ കുലപതിയുടെ അഭാവത്തില്‍ കേസിനുതന്നെ പ്രസക്തിയില്ലാതായിരിക്കുകയുമാണ്. ഹൈക്കോടതിയും ഇന്ന് അക്കാര്യം അംഗീകരിച്ചിരിക്കുന്നു.

ഈ കുറിപ്പെഴുതുമ്‌ബോള്‍ ഞാന്‍ മാണിയുടെ ഭൗതിക ശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാത്തിരിക്കുകയാണ്. കേരള രാഷ്ട്രീയത്തില്‍ മാതൃകകള്‍ സൃഷ്ടിച്ചിട്ടാണ് മാണി വിട വാങ്ങിയിരിക്കുന്നത്. സംശുദ്ധരാഷ്ട്രീയത്തില്‍ അതിലെ ഏതെല്ലാം മാതൃകകള്‍ സ്വീകാര്യമാണ് എന്ന വിലയിരുത്തലിനും ഈ ഘട്ടത്തില്‍ ഞാന്‍ മുതിരുന്നില്ല.

വ്യക്തിപരമായി, കെഎം മാണി എന്നും എല്ലാവരോടും സൗഹൃദം പുലര്‍ത്തിയിരുന്നു എന്നറിയാം. കെഎം മാണിയുടെ വിയോഗം തീര്‍ച്ചയായും കേരള രാഷ്ട്രീയത്തില്‍ ഒരു താല്‍ക്കാലിക ശൂന്യത സൃഷ്ടിക്കുന്നുണ്ട്. അത് മറികടക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. ഒപ്പംതന്നെ, അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖാര്‍ത്തരായ ബന്ധുമിത്രാദികള്‍ക്കൊപ്പം ഹൃദയപൂര്‍വ്വം ആദരാഞ്ജലികളര്‍പ്പിക്കുകയും ചെയ്യുന്നു.

https://www.facebook.com/OfficialVSpage/