തോറ്റാലും അല്‍ഫോണ്‍സ് കണ്ണന്താനത്തിനും സുരേഷ് ഗോപിക്കും ‘ഒരു ചുക്കുമില്ല’

single-img
10 April 2019

ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പതിനൊന്നു പേരുടെ ജനവിധിയാണ് ഏറെ കൗതുകം. രണ്ട് പേര്‍ ജയിച്ചാല്‍ ലോക്‌സഭാ എംപിയാകും. തോറ്റാല്‍ രാജ്യസഭാ എംപിയായി തുടരും. അല്‍ഫോണ്‍സ് കണ്ണന്താനവും സുരേഷ് ഗോപിയുമാണ് ഈ എംപിമാര്‍. അല്‍ഫോന്‍സ് കണ്ണന്താനം എറണാകുളത്തും സുരേഷ്‌ഗോപി തൃശൂരില്‍ നിന്നുമാണ് ജനവിധി തേടുന്നത്.

ബാക്കി ഒന്‍പതു പേരാവട്ടെ എംഎല്‍എയില്‍ നിന്ന് എംപിയായി പ്രമോഷന്‍ തേടുന്നു. സി ദിവാകരന്‍(തിരുവനന്തപുരം), അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍), വീണാ ജോര്‍ജ് (പത്തനംതിട്ട), ചിറ്റയം ഗോപകുമാര്‍ (മാവേലിക്കര), എ.എം.ആരിഫ് (ആലപ്പുഴ), ഹൈബി ഈഡന്‍ (എറണാകുളം), പി.വി.അന്‍വര്‍ (പൊന്നാനി), ഏ.പ്രദീപ് കുമാര്‍ (കോഴിക്കോട്), കെ മുരളീധരന്‍(വടകര) എന്നിവരാണ് പ്രമോഷന്‍ തേടുന്നത്.

എംഎല്‍എമാരെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കുന്ന കാര്യത്തില്‍ ഇടതുപക്ഷമാണ് മുന്നില്‍. ആറു പേര്‍ ഇടതുപക്ഷത്തു നിന്നും ജനവിധി തേടുന്നു. യു.ഡി.എഫ് ആവട്ടെ മൂന്ന് എംഎല്‍എമാരെ ആണ് കളത്തിലിറക്കിയിരിക്കുന്നത്. എന്തായാലും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇവരൊക്കെ ജയിച്ചാല്‍ അധികം വൈകാതെ തന്നെ ഉപതെരഞ്ഞെടുപ്പുകളുടെ ബഹളത്തിലേക്കാവും കേരളത്തിന്റെ പോക്ക് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.