മോദി വീണ്ടും ജയിച്ചാല്‍ ഇന്ത്യ പാക് സമാധാന ചര്‍ച്ചയ്ക്ക് മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്ന് ഇമ്രാന്‍ ഖാന്‍

single-img
10 April 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ജയിക്കുകയാണെങ്കില്‍ സമാധാന ചര്‍ച്ചയ്ക്ക് കുറെക്കൂടി മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഒരു അഭിമുഖത്തിനിടെയായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം. പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറാണ് അടുത്തതായി വരാന്‍ പോകുന്നതെങ്കില്‍ കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനുമായി ഒരു ഒത്തുതീര്‍പ്പ് ആവശ്യപ്പെടാന്‍ ഭയമായിരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

‘ഒരു പക്ഷേ വലതുപക്ഷ പാര്‍ട്ടിയായ ബി.ജെ.പി ജയിക്കുകയാണെങ്കില്‍ കാശ്മീര്‍ വിഷയത്തില്‍ ചില തരത്തിലുള്ള ഒത്തുതീര്‍പ്പില്‍ എത്തിച്ചേരാനിടയുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കാണേണ്ടിവരുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യയില്‍ മുസ്‌ലീങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. നേരത്തെ മുസ്‌ലീങ്ങള്‍ ഇന്ത്യയില്‍ സന്തുഷ്ടരായിരുന്നു. എന്നാലിപ്പോള്‍ അവര്‍ തീവ്ര ഹിന്ദു ദേശീയത കാരണം അങ്ങേയറ്റം ഭീതിയിലാണെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു. കാശ്മീര്‍ ജനതയ്ക്ക് ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന പ്രത്യേക അവകാശം എടുത്തുമാറ്റുമെന്ന് ബി.ജെ.പി കഴിഞ്ഞദിവസം പുറത്തുവിട്ട പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. അത് വലിയ ആശങ്കകള്‍ക്ക് വഴിവച്ചിരിക്കുകയാണെന്നും ഇമ്രാന്‍ വ്യക്തമാക്കി.