ജനാധിപത്യം അപകടത്തില്‍; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഷ്ട്രപതിക്ക് ഉന്നത ഉദ്യോഗസ്ഥരുടെ കത്ത്

single-img
10 April 2019

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത ചോദ്യംചെയ്ത് രാഷ്ട്രപതിക്ക് ഉന്നത ഉദ്യോഗസ്ഥരുടെ കത്ത്. ബിജെപി നേതാക്കളുടെ ചട്ടലംഘനങ്ങളോട് കമ്മിഷന്‍ കണ്ണടയ്ക്കുന്നു എന്നാണ് മുഖ്യ ആരോപണം. പെരുമാറ്റ ചട്ടലംഘനങ്ങളോടുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ ദുര്‍ബല പ്രതികരണം എന്ന തലക്കെട്ടിലുള്ള കത്ത് പ്രധാനമായും വിരല്‍ചൂണ്ടുന്നത് നരേന്ദ്രമോദിയടക്കമുള്ള നേതാക്കള്‍ നടത്തുന്ന ചട്ടലംഘനങ്ങളിലേക്കാണ്. തുടര്‍ച്ചയായ ചട്ടലംഘനങ്ങളില്‍ നടപടിയെടുക്കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെടുന്നു എന്ന് 66 ഉന്നത ഉദ്യോഗസ്ഥര്‍ ഒപ്പിട്ട കത്ത് പറയുന്നു.

തിരഞ്ഞെടുപ്പു കമ്മിഷന്റെ സ്വതന്ത്ര നിലപാട്, സുതാര്യത, പക്ഷപാതരാഹിത്യം, കാര്യക്ഷമത എന്നിവയിലാണ് ഉദ്യോഗസ്ഥര്‍ സംശയമുന്നയിക്കുന്നത്. ഭരണകക്ഷിയാണ് തിരഞ്ഞടുപ്പു കമ്മിഷന്റെ അന്തസിന് കളങ്കം ചാര്‍ത്തുന്ന നടപടികള്‍ സ്വീകരിക്കുന്നത് എന്ന് കത്ത് കുറ്റപ്പെടുത്തുന്നു. പെരുമാറ്റച്ചട്ടം പലതവണ ലംഘിച്ചെങ്കിലും നടപടി എടുക്കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടു. ജനങ്ങള്‍ക്ക് കമ്മീഷനിലുള്ള വിശ്വാസം നഷ്ടമായാല്‍ ജനാധിപത്യത്തിന്റെ ഭാവി അപകടത്തിലാകുമെന്നും കത്തില്‍ മുന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

ഉപഗ്രഹവേധമിസൈല്‍ പരീക്ഷണവിജയത്തെക്കുറിച്ച് പെരുമാറ്റചട്ടം നിലവില്‍ വന്നശേഷം പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയാണ് കത്തിനാസ്പദമായ ഒരു ചട്ടലംഘനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രം പി.എം നരേന്ദ്രമോദിയുടെ റിലീസ് തടയാത്തതും വിമര്‍ശനത്തിനിടയാക്കുന്നു.

രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുന്ന തരത്തില്‍ നരേന്ദ്രമോദി നടത്തുന്ന പ്രസംഗങ്ങളെ കമ്മിഷന്‍ തടയുന്നില്ല. ഇന്ത്യന്‍ സൈന്യത്തെ മോദി സേന എന്ന് വിശേഷിപ്പിച്ച യോഗി ആദിത്യനാഥിനെതിരെയും കര്‍ശന നടപടിക്ക് കമ്മിഷന്‍ തയാറായിരുന്നില്ല. ഡല്‍ഹി മുന്‍ ലഫ് ഗവര്‍ണര്‍ നജീബ് ജങ്, മുന്‍ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ തുടങ്ങിയവരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.